പയ്യന്നൂർ: പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നഗരസഭയിലെ 44 വാർഡുകളിലേക്കും മിനി ഫോഗിംഗ് മെഷീനുകളും ബ്ലീച്ചിംഗ് പൗഡറും വിതരണം ചെയ്തു.

നഗരസഭ ചെയർപേഴ്സൺ കെ.വി. ലളിത വിതരണോദ്ഘാടനം നിർവ്വഹിച്ചു. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.വി. സജിത അദ്ധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സി.ജയ, വി. ബാലൻ, ടി. വിശ്വനാഥൻ, ടി.പി. സെമീറ, കൗൺസിലർമാരായ എം. ആനന്ദൻ, ബി. കൃഷ്ണൻ, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, ഹെൽത്ത് ഇൻസ്പെക്ടർ സുരേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഹരി പുതിയില്ലത്ത്, പി. ലതീഷ് തുടങ്ങിയവർ സംബന്ധിച്ചു. നഗരസഭയുടെ 2022-23 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി 44 വാർഡുകളിലേക്കുമായി 10,35,000 രൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.

നേരത്തെ രണ്ട് ഫോഗിംഗ് മെഷീനാണ് നഗരസഭയിൽ ഉണ്ടായിരുന്നത്. ഇതു കാരണം 44 വാർഡുകളിലും ഫോഗിംഗ് നടത്തുവാൻ ഏറെ പ്രയാസപ്പെട്ടിരുന്നു. കൊതുകു ജന്യ രോഗങ്ങൾ പെരുകുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ വാർഡുകളിലും ഒരുമിച്ച് ഫോഗിംഗ് നടത്തി കൊതുകിനെ ഇല്ലായ്മ ചെയ്യാനാണ് 44 മെഷീനുകൾ ഒരുമിച്ചുവാങ്ങി സാനിറ്റേഷൻ വാർഡുതല കമ്മിറ്റികൾക്ക് നൽകിയത്. ഇതോടൊപ്പം എല്ലാ വീടുകളിലെയും കിണർ ബ്ലീച്ചിംഗ് നടത്തി ശുദ്ധീകരിക്കുകയും ചെയ്യുമെന്ന് ചെയർപേഴ്സൺ പറഞ്ഞു.