നീലേശ്വരം: ദുരന്തം വിളിച്ചു വരുത്തി കോട്ടപ്പുറം മാട്ടുമ്മൽ - കടിഞ്ഞിമൂല നടപ്പാലം അപകടാവസ്ഥയിൽ. നീലേശ്വരം നഗരസഭാ 2019 ൽ നിർമ്മിച്ച മാട്ടുമ്മൽ കടിഞ്ഞിമൂല നടപ്പാലത്തിന്റെ മുഴുവൻ പലകകളും തകർന്നതാണ് വൻ അപകട ഭീഷണിയായിരിക്കുന്നത്.
കോട്ടപ്പുറം ഗവണ്മെന്റ് ഹൈസ്കൂളിലേക്കും ക്ഷേത്രത്തിലേക്കും ഹൗസ് ബോട്ട് ടെർമിനലിലേക്കും മറ്റും യാത്ര ചെയ്യുന്ന നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും ആശ്രയിക്കുന്ന നടപ്പാലമാണ് പൂർണ്ണമായും തകർന്നത്. കരാറുകാരന്റെ അനാസ്ഥയെ തുടർന്ന് നിർമ്മിച്ച് മൂന്നുവർഷം പൂർത്തിയാകുന്നിടയിൽ തന്നെ പലതവണ തകർന്നെങ്കിലും അറ്റകുറ്റ പണികൾ നടത്തി പൊതുജനങ്ങൾ ഉപയോഗിച്ചു കൊണ്ടിരിക്കെയാണ് പലകകൾ തകർന്നതോടെ ഉപയോഗിക്കാൻ പറ്റാത്ത നിലയിൽ ആയിട്ടുള്ളത്. കൂടാതെ പാലത്തിലേക്കു കയറാനുള്ള കരിങ്കൽ കൊണ്ടുള്ള പടികളും പൂർണ്ണമായും തകർന്നിട്ടുണ്ട്.
കോട്ടപ്പുറം കടിഞ്ഞിമൂല വാർഡുകളെ ബന്ധിപ്പിക്കുന്ന നടപ്പാലം ഇരു വാർഡ് കൗൺസിലർമാരുടെയും നീലേശ്വരം നഗരസഭാ അധികാരികളുടെയും സാന്നിധ്യത്തിൽ ഏറെ കൊട്ടിഘോഷിച്ചാണ് ഉദ്ഘാടനം ചെയ്തത്.
കോട്ടപ്പുറം - മാട്ടുമ്മൽ - കടിഞ്ഞിമൂല റോഡ് പാലം നിർമ്മാണത്തിനായുള്ള ടെൻഡർ നടപടികൾ പുരോഗമിക്കുന്നുണ്ടെങ്കിലും പാലം പണി എപ്പോൾ തുടങ്ങുമെന്ന് ഒരുറപ്പും ഇല്ലാത്ത സാഹചര്യത്തിൽ ബന്ധപ്പെട്ടവർ അടിയന്തരമായും ഇടപ്പെട്ട് നടപ്പാലം വഴിയുള്ള യാത്രാ സൗകര്യം നിലനിർത്തണം.
നാട്ടുകാർ