കണ്ണൂർ: ജില്ലയിൽ ബസ് റൂട്ട് ഇല്ലാത്ത സ്ഥലങ്ങളിലേക്ക് സ്വകാര്യ ബസ് റൂട്ടുകൾ അനുവദിക്കാനും കെ.എസ്.ആർ.ടി.സിയുടെ രാത്രികാല സർവ്വീസുകൾ പുനഃസ്ഥാപിക്കാനും ജില്ലാ വികസനസമിതി യോഗം നിർദ്ദേശം നൽകി. രാത്രി കാലങ്ങളിൽ കണ്ണൂർ, തലശ്ശേരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഇരിട്ടി ഭാഗത്തേക്ക് കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കണം. അഴീക്കൽ-കണ്ണൂർ റൂട്ടിൽ പുലർച്ചെയും രാത്രിയുമുണ്ടായിരുന്ന സർവീസ് പുനരാരംഭിക്കണം. പഴയങ്ങാടി - കാസർകോട് റൂട്ടിലെ സർവീസ് പുനഃസ്ഥാപിക്കാനും യോഗം നിർദ്ദേശം നൽകി.
ജില്ലയിലെ ബസ് സർവീസ് കുറവുള്ള റൂട്ടുകളിൽ സ്വകാര്യ ബസുകൾക്ക് ഹ്രസ്വദൂര റൂട്ട് അനുവദിക്കാൻ ലഭിച്ച അപേക്ഷകൾ അടിയന്തരമായി പരിഗണിക്കുമെന്ന് റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. പുതിയ അപേക്ഷകൾ ലഭിച്ചാൽ അനുഭാവപൂർവം പരിഗണിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കെ.എസ്.ടി.പി റോഡുകളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാത്തത് അപകടങ്ങൾ വർദ്ധിക്കുന്നതിന് കാരണമാകുന്നതായി എം വിജിൻ എം.എൽ.എ ചൂണ്ടിക്കാട്ടി. കണ്ണൂർ റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് ഓട്ടോ കൗണ്ടർ പുനഃസ്ഥാപിക്കണമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ പറഞ്ഞു
ബാവലിപ്പുഴ കൊട്ടിയൂർ ഭാഗത്തെ വെള്ളപ്പൊക്ക നിയന്ത്രണവുമായി ബന്ധപ്പെട്ട 23 പ്രവൃത്തികൾക്ക് 104.9 ലക്ഷം രൂപയുടെ പ്രൊപ്പോസലുകൾ സമർപ്പിച്ചതായും ഫണ്ട് ലഭിക്കുന്ന മുറക്ക് പ്രവൃത്തി പൂർത്തീകരിക്കുമെന്നും ജലസേചന വിഭാഗം തലശ്ശേരി എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു. മടമ്പം അലക്സ് നഗർ റോഡിന്റെ സംരക്ഷണ പ്രവൃത്തിക്കായി പൊതുമരാമത്ത് റോഡ് വിഭാഗം മുഖേന പ്രൊപ്പോസൽ നൽകിയതായും എക്സി. എഞ്ചിനീയർ അറിയിച്ചു.
ആസൂത്രണ സമിതി ഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ വികസന സമിതി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, കെ.വി സുമേഷ്, എം. വിജിൻ, അഡ്വ. സജീവ് ജോസഫ്, ടി.ഐ മധുസൂദനൻ, എ.ഡി.എം കെ.കെ ദിവാകരൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ. പ്രകാശൻ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
ലഹരി ഉപയോഗത്തിനെതിരേ ബോധവത്കരണം
വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് തടയിടാൻ പ്രൈമറി തലം മുതൽ തന്നെ ബോധവത്കരണം ഊർജ്ജിതമാക്കണമെന്ന് കെ.വി സുമേഷ് എം.എൽ.എ നിർദേശിച്ചു. ജില്ലാ ഭരണകൂടം, പൊലീസ് എക്‌സൈസ്, ജനപ്രതിനിധികൾ ഉൾപ്പെടെയുള്ളവർ കൈകോർത്ത് സ്‌കൂൾ പ്രൈമറി തലം മുതൽ ലഹരിബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകണമെന്നും ജില്ലയിൽ ഒരു വലിയ കാമ്പയിനായി ഇത് മാറ്റണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. ഓണക്കാലത്ത് പരിശോധനകൾ കർശനമാക്കിയതായും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ബോധവത്കരണ പ്രവർത്തനങ്ങൾ നടപ്പാക്കുന്നതായും എക്‌സൈസ്, പൊലീസ് മേധാവികൾ അറിയിച്ചു.