മടിക്കൈ: മടിക്കൈ ഇനി പ്ലാസ്റ്റിക് രഹിത ഗ്രാമപഞ്ചായത്ത്. നിരോധിച്ച പ്ലാസ്റ്റിക് വസ്തുക്കൾ വിപണനം ചെയ്യുന്നതും ഉപയോഗിക്കുന്നതും ഒഴിവാക്കാൻ പഞ്ചായത്തിലെ വ്യാപാരികളുടെ യോഗത്തിൽ തീരുമാനമായി. വീടുകളിലും ഓഡിറ്റോറിയങ്ങളിലും ഇവയുടെ ഉപയോഗം അനുവദിക്കില്ല. നിയമം ലംഘിച്ചാൽ പിഴ ചുമത്തും. പരിശോധനയ്ക്കായി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ ടീമും രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എസ്. പ്രീത യോഗം ഉദ്ഘാടനം ചെയ്തു. ആരോഗ്യ കാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ രമ പദ്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി ദിനേശൻ പാറയിൽ നിയമ കാര്യങ്ങളും പ്രവർത്തനങ്ങളും വിശദീകരിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി മടിക്കൈ യൂണിറ്റ് പ്രസിഡന്റ്‌ എം. രാജൻ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ ബാബു കുതിരുമ്മൽ, പി.ടി. മോഹനൻ എന്നിവർ സംസാരിച്ചു.