നീലേശ്വരം: ചെമ്മാക്കര കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. നീണ്ട 8 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ശുദ്ധജലം ലഭ്യമായപ്പോൾ നാട്ടുകാർ കുടിവെള്ള പദ്ധതി ഉദ്ഘാടനം ഉത്സവാഘോഷത്തോടെ കൊണ്ടാടി. നീലേശ്വരം നഗരസഭയിലെ ചെമ്മാക്കര പ്രദേശത്തുകാർക്ക് കഴിഞ്ഞ 8 വർഷമായി കുടിവെള്ളം കിട്ടാക്കനിയായിരുന്നു. മുൻ നഗരസഭാ ചെയർമാൻ പ്രൊഫ. കെ.പി. ജയരാജന്റെ അദ്ധ്യക്ഷതയിൽ എം. രാജഗോപാലൻ തന്നെയാണ് ഇതിന്റെ പ്രവൃത്തി ഉദ്ഘാടനം നടത്തിയത്.

തൃക്കരിപ്പൂർ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്ന് 18 ലക്ഷം രൂപയും ഫണ്ട് ലഭ്യമാക്കിയിരുന്നു. നാട്ടുകാർ പിരിവെടുത്ത് വാങ്ങിയ 3 സെന്റ് സ്ഥലത്താണ് കിണറും പമ്പ് ഹൗസും , ടാങ്കും നിർമ്മിച്ചത്. എം. രാജഗോപാലൻ എം.എൽ.എ. ഉദ്ഘാടനം നിർവ്വഹിച്ചു. നഗരസഭാ ചെയർ പഴ്സൺ ടി.വി. ശാന്ത അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാർ പി.പി. മുഹമ്മദ് റാഫി, മരാമത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. രവീന്ദ്രൻ, ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ പി. സുഭാഷ്, വാർഡ് നഗരസഭാംഗം കെ. നാരായണൻ, മുൻ നഗരസഭാംഗം കെ.വി.രാധ, കേരള വാട്ടർ അതോറിറ്റി അസി. എക്സി. എൻജിനീയർ കെ. ഗിരീഷ് ബാബു എന്നിവർ സംസാരിച്ചു. വാർഡ് അംഗം പി. കുഞ്ഞിരാമൻ സ്വാഗതവും കുടിവെള്ള കമ്മിറ്റി കൺവീനർ പി. ദിനേശൻ നന്ദിയും പറഞ്ഞു.