പേരാവൂർ: പ്രദേശത്ത് പെയ്യുന്ന ശക്തമായ മഴയെത്തുടർന്ന് കണിച്ചാർ പഞ്ചായത്തിലെ ഏഴാം വാർഡിലെ 29ാം മൈലിലും, എട്ടാം വാർഡിലെ മേലെ വെള്ളറയിലും, സെമിനാരിവില്ലയിലും വീണ്ടും
ഉരുൾപൊട്ടലുണ്ടായി. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയുണ്ടായ ഉരുൾപൊട്ടലിൽ പ്രദേശത്ത് വെള്ളപ്പൊക്കവും ശക്തമായ മലവെള്ളപ്പാച്ചിലും ഉണ്ടായി. പെട്ടെന്നുള്ള കുത്തൊഴുക്കിൽ മണ്ണും വാലിയ പാറകളും ഒഴുകിയെത്തിയതിനെത്തുടർന്ന് നെടുംപൊയിൽ - മാനന്തവാടി ചുരം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിൽ കുടുങ്ങിക്കിടന്നു. കല്ലും മണ്ണും നീക്കി വൈകുന്നേരത്തോടെ അധികൃതർ ഗതാഗതം പുനഃസ്ഥാപിക്കുകയായിരുന്നു.

ഉരുൾപൊട്ടലിൽ താഴെ വെള്ളറ കോളനിയിലെ നെല്ലാനിത്തോട്ടിൽ ക്രമാതീതമായി വെള്ളം ഉയർന്നതിനെത്തുടർന്ന് കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യന്റെയും വാർഡ് മെമ്പർ ഷോജറ്റ് ഉൾപ്പെടെയുള്ളവരുടെയും നേതൃത്വത്തിൽ, കോളനിയിലുള്ളവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കുത്തൊഴുക്ക് കാരണം വടംകെട്ടിയാണ് ജനങ്ങളെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചത്.

ശനിയാഴ്ച സെമിനാരിവില്ലയിൽ ഉരുൾപൊട്ടിയിരുന്നു. അതിന് തൊട്ടടുത്തു തന്നെയാണ് ഇന്നലെ വീണ്ടും ഉരുൾപൊട്ടിയത് എന്നത് പ്രദേശവാസികളുടെ നെഞ്ചിടിപ്പ് കൂട്ടുകയാണ്. തുടരെത്തുടരെയുണ്ടാകുന്ന ഉരുൾപൊട്ടലിന്റെ ആഘാതത്തിൽ ജനങ്ങൾ വിറങ്ങലിച്ചു നിൽക്കുകയാണ്. മേഖലയിൽ മഴ തുടരുന്നതും പുതിയ പുതിയ സ്ഥലങ്ങളിൽ ഉരുൾപൊട്ടുന്നതുമാണ് ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നത്. നിലവിലെ സാഹചര്യത്തിൽ ആളുകൾ അവരുടെ വീടുകളിൽ താമസിക്കാൻ തയ്യാറാവുന്നില്ല. ശനിയാഴ്ച ഉരുൾപൊട്ടലുണ്ടായ സ്ഥലത്ത് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ രക്ഷാപ്രവർത്തനം പുലർച്ചെ രണ്ടു മണിവരെ നീണ്ടു. ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ പ്രശ്നങ്ങൾ പരിഹരിച്ചെന്ന് സമാധാനിച്ചിരിക്കുമ്പോഴാണ് ഇന്നലെ ഉച്ചകഴിഞ്ഞ്
തൊട്ടടുത്ത പ്രദേശങ്ങളിൽ മൂന്ന് ഭാഗങ്ങളിലായി വീണ്ടും ഉരുൾപൊട്ടിയത്.

തുടരെത്തുടരെ ഉരുൾപൊട്ടുന്നത് ജനങ്ങൾക്ക് ഭീതി സൃഷ്ടിക്കുകയാണ്. ഈ പ്രതിസന്ധിയെ സുരക്ഷിതമായി എങ്ങനെ മറികടക്കാം എന്നതാണ് തങ്ങളുടെ മുന്നിലുള്ള വലിയ പ്രശ്നം.

കണിച്ചാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ

വിട്ടുപിരിയാതെ ദുരന്തം

മൂന്നാഴ്ച മുമ്പ് കണിച്ചാർ, കേളകം, പേരാവൂർ, കോളയാട് ഗ്രാമപഞ്ചായത്തുകളിൽ 25ഓളം സ്ഥലങ്ങളിലാണ് ഉരുൾപൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ഇതിൽ അഞ്ച് സ്ഥലങ്ങളിൽ വലിയ ഉരുൾപൊട്ടലായിരുന്നു. ഒരു പിഞ്ചു കുട്ടിയുൾപ്പെടെ മൂന്നു പേർക്ക് ജീവൻ നഷ്ടപ്പെടുകയും മൂന്ന് വീടുകൾ പൂർണമായും തകരുകയും ചെയ്തിരുന്നു. മഴയ്ക്ക് ശമനമായി ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്നും സ്വന്തം വീടുകളിലേക്ക് ആളുകൾ തിരിച്ചെത്തി മെല്ലെ ജീവിതം കരുപ്പിടിപ്പിക്കാൻ പാടുപെടുന്നതിനിടയിലാണ് വീണ്ടും ഉരുൾപൊട്ടലിന്റെ ഭീതി ഇവരുടെ ഉറക്കം കെടുത്തുന്നത്.