ഇരിട്ടി: നാട്ടുകാരിൽ ഭീതി വിതച്ച് കൂട്ടുപുഴ ടൗണിനടുത്ത് കാട്ടാന എത്തി. മൂന്ന് മണിക്കൂറോളം കൂട്ടുപുഴ പഴയ പാലത്തിന് സമീപം നിലയുറപ്പിച്ച കാട്ടാനകൾ ഏറെ പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാതെ കാട്ടിലേക്ക് കയറിപ്പോയി. ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മാക്കൂട്ടം വനത്തിൽ നിന്നും പുലർച്ചെ നാലു മണിയോടെയാണ് മൂന്ന് കാട്ടാനകൾ ടൗണിന് സമീപത്തെ പുഴക്കരയിൽ എത്തിയത്. കൂട്ടുപുഴ പഴയ പാലത്തിന് സമീപം ഏറേനേരം നിലയുറപ്പിച്ച ആനക്കൂട്ടം ആറുമണിയോടെയാണ് കാട് കയറിയത്. ഓണം ആഘോഷത്തിന്റെ മറവിൽ കർണാടത്തിൽ നിന്നുള്ള മദ്യക്കടത്ത് തടയുന്നതിന് അതിർത്തിയിൽ 24മണിക്കൂറും പൊലീസ്, എക്‌സൈസ് സംഘങ്ങളുടെ പരിശോധന നടക്കുന്നുണ്ട്. പഴയപാലം റോഡ് വഴി ഇത്തരം സംഘങ്ങൾ രക്ഷപ്പെടാതിരിക്കാൻ പൊലീസ് പഴയ പാലം കൂട്ടുപുഴ ഭാഗത്ത് ബാരിക്കേട് വെച്ച് അടച്ചിരുന്നു. പാലത്തിന് മുകളിലൂടെ അല്പദൂരം നടന്ന ആന ബാരിക്കേഡ് തകർക്കാൻ ശ്രമിക്കാതെ മാക്കൂട്ടം വനമേഖലയുടെ ഭാഗത്തേക്ക് തന്നെ തിരിഞ്ഞുനടന്നു.
പാലത്തിന് സമീപത്തെ ചെറു മുളം കാടുകൾ മുഴുവൻ തിന്നുതീർത്ത ശേഷം കൂട്ടുപുഴ സ്‌നേഹ ഭവൻ റോഡിൽ ഏറേനേരം നിലയുറപ്പിക്കുകയും ഈ റോഡിന്റെ ഇരുവശങ്ങളിലേയും മൺതിട്ടകൾ കുത്തിയും ചവിട്ടിയും ഇടിക്കുകയും ചെയ്തു. ആനക്കൂട്ടം പുതിയ പാലം ഭാഗത്തേക്ക് പോകാതിരുന്നത് അധികൃതർക്കും യാത്രക്കാർക്കും അനുഗ്രഹമായി മാറി. മാക്കൂട്ടം ചുരം റോഡിലൂടെ നിരവധി വാഹനങ്ങൾ കടന്നുപോകുന്ന സമായവുമായിരുന്നു. ആന വനത്തിനുള്ളിലേക്ക് തന്നെ തിരിച്ചുകയറിയതിനാൽ വലിയ ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലായിരുന്നു അധികൃതർ.
അതിർത്തി കടന്നെത്തുന്ന വില്ലന്മാർ
കർണ്ണാടകയുടെ വനമേഖലയിൽ നിന്നാണ് പേരട്ട, തൊട്ടിപ്പാലം, അയ്യൻകുന്ന് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ആനക്കൂട്ടം എത്തുന്നത്. ഇവിടങ്ങളിലൊന്നും കാട്ടാന പ്രതിരോധ സംവിധാനങ്ങൾ തീരെയില്ല. ഒരു വർഷം മുമ്പ് പെരിങ്കരിയിൽ വച്ച് ജെസ്റ്റിൻ എന്നയാളെ കാട്ടാന കുത്തിക്കൊന്നിരുന്നു. ഈ ഒറ്റയാനും എത്തിയത് മാക്കൂട്ടം വനമേഖലയിൽ നിന്നായിരുന്നു. വളളിത്തോട് , പെരിങ്കരി ഭാഗങ്ങളിൽ മണിക്കൂറുകളോളം ഭീതി പരത്തിയ ശേഷമാണ് ഒറ്റയാൻ വനത്തിനുള്ളിലേക്ക് പ്രവേശിച്ചത്. മാക്കൂട്ടം ചുരം പാത വഴിയുള്ള യാത്രയിൽ റോഡരികിലൊന്നും ആനകളെ കാണാൻ കഴിയില്ലെങ്കിലും വനമേഖലയുമായി അതിർത്തി പങ്കിടുന്ന മേഖലകളിൽ അടുത്തകാലത്തായി കാട്ടാന ശല്യം കൂടി വരികയാണ്.