കണ്ണൂർ: മുഖ്യമന്ത്റിക്കെതിരെ പ്രതിഷേധിച്ചതിന്റെ പേരിൽ യൂത്ത് കോൺഗ്രസ് മട്ടന്നൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഫർസീൻ മജീദിനെതിരെ കാപ്പ ചുമത്താനുള്ള ഗൂഢാലോചനയ്‌ക്കെതിരെ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. ബാരിക്കേഡ് തകർക്കാൻ ശ്രമിച്ച പ്രവർത്തകർക്കുനേരെ പൊലീസ് മൂന്നു തവണ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് പൊലീസുമായി വാക് തർക്കവും ഉന്തും തള്ളുമുണ്ടായി.
ദേശീയപാത ഉപരോധിച്ച പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് നീക്കം ചെയ്തു. അഞ്ചുമിനുറ്റോളം ദേശീയപാതയിലെ ഗതാഗതം മുടങ്ങി. ജലപീരങ്കി പ്രയോഗത്തിൽ മാദ്ധ്യമപ്രവർത്തകരുടെ കാമറകൾക്കും കേടുപാട് സംഭവിച്ചു. മാർച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ റിജിൽ മാക്കുറ്റി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സുധീപ് ജെയിംസ് അദ്ധ്യക്ഷത വഹിച്ചു. കമൽ ജിത്ത്, വിജീഷ് ചുള്ളിയാൻ, സന്ദീപ് പാണപ്പുഴ, റോബർട്ട്, ബിജു മറ്റപ്പള്ളി പ്രസംഗിച്ചു.