പയ്യന്നൂർ: ഓണത്തിരക്ക് വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നഗരത്തിൽ ട്രാഫിക് നിയന്ത്രണങ്ങൾ കർശനമാക്കുവാനും അനധികൃത പാർക്കിംഗുകൾക്ക് എതിരെ ശക്തമായ നടപടി സ്വീകരിക്കുവാനും ട്രാഫിക് കമ്മിറ്റി അവലോകന യോഗം തീരുമാനിച്ചു. നഗരസഭ ബൈപ്പാസ്, സ്റ്റേഡിയം റോഡുകളിൽ അടിയന്തരമായി അറ്റകുറ്റ പണികൾ നടത്തി ഗതാഗതയോഗ്യമാക്കുമെന്നും യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച ചെയർപേഴ്സൺ കെ.വി. ലളിത പറഞ്ഞു.

ടൗണിലെ ട്രാഫിക് നിയന്ത്രിക്കുന്നതിനായി സെൻട്രൽ ബസാർ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ ഡിവൈഡറുകൾ സ്ഥാപിക്കും.

ഗാന്ധി പാർക്ക് റോഡ്, സി.ഐ.ടി.യു. ഓഫീസ് റോഡ് (കോ-ഓപ്പറേറ്റീവ് സ്റ്റോറിന് എതിർവശം) എന്നിവയിലേക്ക് മെയിൻ റോഡിൽ നിന്നു മാത്രം പ്രവേശനം അനുവദിക്കും.

മെയിൻ റോഡിൽ കരിഞ്ചാമുണ്ഡി ക്ഷേത്രം മുതൽ പഴയ ബസ് സ്റ്റാൻഡ് വരെ വടക്ക് ഭാഗത്ത് മാത്രം പാർക്കിംഗ് അനുവദിക്കുകയുള്ളൂ. ട്രാഫിക് നിയന്ത്രണത്തിനായി പയ്യന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് കൂടുതൽ ഹോം ഗാർഡുകളെ അനുവദിച്ചു നൽകുന്നതിന് ആവശ്യപ്പെടുന്നതിന് തീരുമാനിച്ചു.

സെന്റ് മേരീസ് സ്കൂളിലേക്ക് വിദ്യാർത്ഥികളെയും കയറ്റിവരുന്ന വാഹനങ്ങൾ സ്കൂൾ കോമ്പൗണ്ടിനകത്ത് പ്രവേശിച്ച് കുട്ടികളെ ഇറക്കേണ്ടതാണ്. സി.ഐ.ടി.യു - സഹകരണ ആശുപത്രി റോഡിൽ അനധികൃത പാർക്കിംഗ് അനുവദിക്കില്ല. നഗരത്തിലെ തിരക്ക് ഒഴിവാക്കുന്നതിന് രാവിലെ 9 മണിമുതൽ 10.30 വരെയും വൈകുന്നേരം 3 മണി മുതൽ 4.30 വരെയും ചരക്ക് കയറ്റു - ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തും.

മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ടുമെന്റുമായി സഹകരിച്ച് വില്ലേജ് തലത്തിൽ ട്രാഫിക് ബോധവത്ക്കരണം നടത്തും. യോഗത്തിൽ വൈസ് ചെയർമാൻ പി.വി. കുഞ്ഞപ്പൻ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി. വിശ്വനാഥൻ, വി. ബാലൻ, വി.വി. സജിത, നഗരസഭ സെക്രട്ടറി എം.കെ. ഗിരീഷ്, എ. ഇ, കെ. ഉണ്ണി,

ഡെപ്യൂട്ടി തഹസിൽദാർ രാജേഷ്, പൊലീസ് സബ് ഇൻസ്പെക്ടർ പി. വിജേഷ്, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ എം.പി. റോഷൻ, പി.ഡബ്‌ള്യു.ഡി വിഭാഗം ഓവർസിയർ സുരഭിരാജ് തുടങ്ങിയവർ സംബന്ധിച്ചു.