
കണ്ണൂർ: നോർത്തേൺ അയർലാഡിലെ ലണ്ടൻ ഡെറി തടാകത്തിൽ കുളിക്കാനിറങ്ങിയ ഉറ്റ സുഹൃത്തുക്കളായ രണ്ടു മലയാളി വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. കണ്ണൂർ പയ്യാവൂർ പൊന്നുംപറമ്പത്ത് മുപ്രപ്പള്ളിൽ ജോഷി സൈമണിന്റെ മകൻ റുവാൻ ജോ സൈമൺ (16), കോട്ടയം എരുമേലി കൊരട്ടി കുറുവാമുഴിയിലെ ഒറ്റപ്ലാക്കൽ അജുവിന്റെ മകൻ ജോസഫ് സെബാസ്റ്റ്യൻ (16) എന്നിവരാണ് മരിച്ചത്.
ലണ്ടൻ ഡെറി സെന്റ് കൊളംബസ് ബോയ്സ് കോളേജ് വിദ്യാർത്ഥികളാണ് ഇരുവരും. അവധി ദിവസം സൈക്ലിംഗിന് ഇറങ്ങിയ ഇവരടക്കമുള്ള എട്ടുപേർ തടാകത്തിൽ കുളിക്കാനിറങ്ങിയതായിരുന്നു. തിങ്കളാഴ്ച വൈകിട്ടോടെയാണ് ദുരന്തം. പൊലീസ് ഡൈവേഴ്‌സ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്.
അയർലാൻഡിൽ ബിസിനസുകാരനായ കാഞ്ഞിരപ്പള്ളി കൊരട്ടി കുറുവാമൂഴി ഒറ്റപ്ലാക്കൽ സെബാസ്റ്റ്യൻ ജോസിന്റെയും (അജു) നഴ്സായ വിജിയുടെയും മകനാണ് ജോസഫ് സെബാസ്റ്റ്യൻ (ജോപ്പു 16). 2005 മുതൽ അയർലാൻഡിലാണ് കുടുംബം താമസിക്കുന്നത്. രണ്ടുവർഷം മുൻപ് നാട്ടിലെത്തിയിരുന്നു. വിദ്യാർത്ഥികളായ ജൊഹാന, ക്രിസ് എന്നിവരാണ് ജോസഫിന്റെ സഹോദരങ്ങൾ. പോസ്റ്റ്‌മോർട്ടത്തിനുശേഷം സംസ്‌കാരം അയർലാൻഡിൽ നടത്തും.

റൂവാൻ ജോ സൈമണിന്റെ മാതാവ് തോട്ടത്തിൽ കുടുംബാംഗം സാലി അയർലാൻഡിൽ നഴ്സാണ്. റുവാൻ ജോയുടെ സഹോദരൻ എബിൻ ജോഷി. ജോഷിയും കുടുംബവും 15 വർഷമായി വടക്കൻ അയർലാൻഡിലെ ലണ്ടൻഡെറിയിലാണു താമസം. മരിച്ച ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു. ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചാണ് പഠിച്ചത്.