കാസർകോട്: കനത്ത മഴയിൽ മുളിയാർ, മുന്നാട്, ബേഡഡുക്ക വില്ലേജുകളിലുണ്ടായ ഉരുൾ പൊട്ടലിൽ മൂന്ന് വീടുകൾക്ക് നാശം .ഈ പ്രദേശങ്ങളിൽ കനത്ത കൃഷി നാശവുമുണ്ടായി. കുറ്റിക്കോലിൽ മണ്ണൊലിപ്പിൽ വീടിന്റെ സംരക്ഷണ മതിൽ തകർന്നു. മുളിയാർ മഞ്ചക്കൽ റോഡിൽ വിള്ളൽ രൂപപ്പെട്ടതിനെ തുടർന്ന് ഗതാതഗതനിയന്ത്രണം ഏർപ്പെടുത്തി.
പട്‌ള വില്ലേജിലെ മൊഗറിൽ മധുവാഹിനിപുഴ കര കവിഞ്ഞതിനെ തുടർന്ന് വീടുകളിലേക്ക് വെള്ളം കയറി. ഒൻപത് കുടുംബങ്ങളെ ഫയർഫോഴ്സിന്റെ സഹായത്തോടെ ബന്ധുവീടുകളിലേക്ക് മാറ്റി പാർപ്പിച്ചു. മുളിയാർ പാത്തനടുക്കം കടപ്പങ്കല്ലിൽ സാവിത്രിയുടെ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീട് ഭാഗികമായി തകർന്നു.
കാനത്തൂരിൽ മോഹനൻ, മുരളി എന്നിവരുടെ വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. മുളിയാർ വില്ലേജിലെ പാണൂരിലുണ്ടായ മണ്ണിടിച്ചിലിൽ തോട്ടത്തുമൂല റോഡ് തകർന്നു. മുന്നാട് വില്ലേജിലെ ഒളയത്തടുക്ക, വട്ടംതട്ട പനക്കുളം എന്നിവിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി. ജില്ലയിൽ ആകെ അഞ്ച് വീടുകൾ ഭാഗികമായി തകർന്നു. ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
മഞ്ചേശ്വരം താലൂക്കിലെ ബായറിൽ 12.5 മില്ലീമിറ്ററും കാസർകോട് താലൂക്കിലെ മുളിയാറിൽ 96.5 മില്ലീമീറ്ററും കുഡ്ലുവിൽ 30 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി. ഹോസ്ദുർഗ് താലൂക്കിലെ പടന്നക്കാട് 35 മില്ലീമീറ്ററും മടിക്കൈയിൽ 29.5 മില്ലീമീറ്ററും പിലിക്കോട് 18 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.