cpi

കണ്ണൂർ: സി.പി.ഐ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കി സമവായത്തിലെത്താൻ നേതൃത്വത്തിന്റെ തിരക്കിട്ട നീക്കം. മുഖ്യമന്ത്രിക്കും നേതൃത്വത്തിനുമെതിരെ മറ്റു ജില്ലകളിലുണ്ടായ വിമർശനങ്ങൾ കണ്ണൂരിലുണ്ടാകരുതെന്ന നിർബന്ധം നേതൃത്വത്തിനുണ്ട്. വിമർശനങ്ങൾ സമ്മേളനത്തിന്റെ ശോഭ കെടുത്തരുതെന്ന നിർദേശവും സംസ്ഥാനനേതൃത്വം മുന്നോട്ടുവെക്കുന്നുണ്ട്.

സംസ്ഥാനകമ്മിറ്റി അംഗവും എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറിയുമായ സി.പി സന്തോഷ് കുമാർ, സംസ്ഥാനകമ്മിറ്റി അംഗവും കിസാൻ സഭാ ജില്ലാ സെക്രട്ടറിയുമായ സി.പി. ഷൈജൻ എന്നിവരുടെ പേരുകളാണ് സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്. ഇരുവരും കാനം അനുകൂലികളായാണ് അറിയപ്പെടുന്നത്. ഇവരിൽ ആർക്കാണ് നറുക്ക് വീഴുന്നതെന്ന കാര്യത്തിലും ആശയക്കുഴപ്പമുണ്ട്.

രണ്ടു പേരും നേരത്തെ ജില്ലാ അസിസ്റ്റന്റ സെക്രട്ടറിമാരായിരുന്നു. സെന്റർ കേന്ദ്രീകരിച്ചു പ്രവർത്തിക്കാൻ താത്ക്കാലിക ചുമതല നൽകിയത് സി.പി. സന്തോഷ് കുമാറിനാണ്. ഇത് സന്തോഷ് കുമാറിന് അനുകൂലഘടകമാണ്. എന്നാൽ ഷൈജന് പാർട്ടിയുടെ പ്രധാന നേതാക്കളുടെ പിന്തുണയുണ്ട്.
നേരത്തെ സെക്രട്ടറിയായിരുന്ന പി.സന്തോഷ്‌കുമാർ രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് പുതിയ സെക്രട്ടറി വേണ്ടിവന്നത്. ജില്ലാ സമ്മേളനം വരെ പി.സന്തോഷ് കുമാർ തുടരുകയായിരുന്നു.വിവിധ ജില്ലാ സമ്മേളനങ്ങളിൽ ചില സ്ഥലങ്ങളിൽ ചില്ലറ വിഭാഗതീയത ഉണ്ടായിരുന്നെങ്കിലും കണ്ണൂരിൽ അത്തരം വിഭാഗീയതക്ക് യാതൊരു സ്ഥാനവുമില്ലെന്നാണ് പറയുന്നത്.

ചർച്ചയാകും

ജില്ലയിൽ നിയമസഭാ സീറ്റ് പാർട്ടിക്ക് നഷ്ടപ്പെട്ടത്

ആനിരാജക്കെതിരെ കാനത്തിന്റെ പരാമർശം


പ്രായപരിധിയിൽ നാല് പേർ ഒഴിയും
എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞവർ വിട്ടു നിൽക്കേണ്ടി വന്നാൽ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് താവം ബാലകൃഷ്ണൻ, സി.രവീന്ദ്രൻ,എം. ഗംഗാധരൻ, ഗംഗാധരൻ കുത്തുപറമ്പ്, തുടങ്ങിയവർ സ്ഥാനം ഒഴിയേണ്ടിവരും.ഇരുപതു ശതമാനം പേർക്ക് പ്രായപരിധി തടസമാണ്. പയ്യന്നൂർ, ആലക്കോട്, കല്യാശ്ശേരി, ഇരിക്കൂർ, ഇരിട്ടി, പേരാവൂർ, മട്ടനൂർ, കൂത്തുപറമ്പ്, തലശ്ശേരി, എടക്കാട്. കണ്ണൂർ,അഴീക്കോട് തുടങ്ങിയ മണ്ഡലം സമ്മേളനങ്ങൾ പറയത്തക്ക പ്രശ്നങ്ങളൊന്നുമില്ലാതെയാണ് നടന്നത്.സി.പി.എമ്മിൽ നിന്ന് രാജിവച്ച് ചില പ്രാദേശിക നേതാക്കൾ വന്നത് കണ്ണൂരിൽ സി.പി.ഐക്ക് വലിയ നേട്ടമായിരുന്നു.അഴീക്കോട് ,തളിപ്പറമ്പ്, ആലക്കോട്. ഇരിക്കൂർ തുടങ്ങിയ സ്ഥലങ്ങളിൽ നന്ന് ചെറിയ ഗ്രൂപ്പുകൾ സി.പി.എം വീട്ട് സി.പി.ഐയിൽ ചേർന്നിരുന്നു.അതെസമയം മാന്ധംകുണ്ടിലും മറ്റും കോമത്ത് മുരളീധരനെ പോലുള്ളവർ സി.പി.ഐയിൽ ചേർന്നത് സി.പി.എമ്മിനെ ചൊടിപ്പിച്ചിട്ടുമുണ്ട്.