കോഴിക്കോട്: കോഴിക്കോട് ജില്ലയിൽ അതിതീവ്രമായ മഴയ്ക്ക് സാദ്ധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റോടു കൂടിയ മഴയ്ക്കും സാദ്ധ്യതയുണ്ട്. ഇന്നലെ കോഴിക്കോട് താലൂക്കിൽ 41.4 മില്ലീമീറ്റർ മഴയും കൊയിലാണ്ടി 29 മില്ലീമീറ്റർ മഴയും വടകര 27 മില്ലീമീറ്റർ മഴയും ലഭിച്ചു.
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ താഴ്ന്നപ്രദേശങ്ങൾ, നദീതീരങ്ങൾ, ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മലയോരപ്രദേശങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം. മലയോരമേഖലയിലേക്കും മറ്റു അപകടസാദ്ധ്യതാ പ്രദേശങ്ങളിലേക്കുമുള്ള സഞ്ചാരം പൂർണമായി ഒഴിവാക്കുക. കാറ്റിൽ മരങ്ങൾ കടപുഴകി വീണും പോസ്റ്റുകൾ തകർന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. അത്തരം സാഹചര്യമുണ്ടായാൽ വൈദ്യുതി വിതരണം തടസപ്പെടാം. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം പൊങ്ങിയാൽ ഗതാഗതസൗകര്യം തടസപ്പെടാനുള്ള സാദ്ധ്യതയുമുണ്ട്. വിവിധ തീരങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ പ്രത്യേകം ജാഗ്രത പാലിക്കണം. അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും മേൽക്കൂര ശക്തമല്ലാത്ത വീടുകളിൽ താമസിക്കുന്നവരും വരും ദിവസങ്ങളിലെ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തിൽ സുരക്ഷയെ മുൻകരുതി ജാഗ്രത പാലിക്കണം. ആവശ്യമായ ഘട്ടത്തിൽ മാറി താമസിക്കണം.ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ ഒരു കാരണവശാലും നദികൾ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീൻപിടിക്കാനോ മറ്റ് ആവശ്യങ്ങൾക്കോ ഇറങ്ങാൻ പാടുള്ളതല്ലന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
നാദാപുരം: വിലങ്ങാട് പ്രദേശത്തെ നൂറ്റമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. പന്ന്യേരി, കുറ്റല്ലൂർ, മാടാഞ്ചേരി, അടുപ്പിൽ കോളനികളിൽ താമസിക്കുന്ന കുടുംബളെയാണ് റവന്യൂ അധികൃതരും പൊലീസും ചേർന്നു മാറ്റിയത്. വിലങ്ങാട് പാരീഷ് ഹാൾ, കുറ്റല്ലൂർ സേവാകേന്ദ്രം, പാലൂർ എൽ.പി.സ്‌കൂൾ എന്നിവിടങ്ങളിൽ താൽക്കാലിക ക്യാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മേഖലയിൽ പ്രവർത്തിക്കുന്ന ക്വാറികളുടെ പ്രവർത്തനങ്ങൾക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
@ വിനോദസഞ്ചാരകേന്ദ്രങ്ങളിൽ സന്ദർശകർക്ക് നിയന്ത്രണം
ജില്ലയിൽ അതിതീവ്രമായ മഴ തുടരുന്ന സാഹചര്യത്തിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്നലെ മുതൽ ജാഗ്രതാ മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിലും ജില്ലയിലെ ബീച്ചുകളിലും ഹൈഡൽ ടൂറിസം, അക്വാട്ടിക് ടൂറിസം കേന്ദ്രങ്ങളിലും സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഡി അറിയിച്ചു. ഇത്തരം കേന്ദ്രങ്ങളിൽ വെള്ളത്തിലിറങ്ങാനോ ബോട്ടിംഗ്, തുഴച്ചിൽ, സ്വിമ്മിംഗ് എന്നിവ നടത്താനോ പാടില്ല.ആറുമണിക്ക് ശേഷം ഒരു കാരണവശാലും ജലാശയങ്ങളിലും വെള്ളച്ചാട്ടങ്ങൾക്കു സമീപവും സന്ദർശകർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.18 വയസിന് താഴെയുള്ളവർ മുതിർന്ന വ്യക്തികളുടെ സാന്നിദ്ധ്യത്തിലല്ലാതെ ജലാശയങ്ങളിൽ ഇറങ്ങാൻ പാടില്ല. ജില്ലയിൽ അപകടകരമായ ജലാശയങ്ങളിൽ വീണുള്ള മുങ്ങിമരണങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യവും കണക്കിലെടുത്താണ് കളക്ടറുടെ ഉത്തരവ്.