bjp
കോഴിക്കോട് കോർപ്പറേഷനിലെ അഴിമതിക്കെതിരെ ബി.ജെ.പി സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി വിജയകൃഷ്ണൻ, കൗൺസിലർ നവ്യ ഹരിദാസ് എന്നിവർ നയിക്കുന്ന വാഹന പ്രചാരണ ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: കോർപ്പറേഷനിലെ അഴിമതി തുറന്നുകാട്ടി ബി.ജെ.പിയുടെ വാഹന പ്രചാരണ ജാഥകൾ. ഈ മാസം 9ന് നടത്തുന്ന ക്വിറ്റ് മാഫിയാ സമര ശൃംഖലയ്ക്കു മുന്നോടിയായാണ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജാഥകൾക്ക് തുടക്കമായത്. നടക്കാവ് മണ്ഡലം പ്രസിഡന്റ് കെ.ഷൈബുവും കൗൺസിലർ അനുരാധാ തായാട്ടും ചേർന്ന് നയിക്കുന്ന ജാഥ വെസ്റ്റ്ഹില്ലിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ ഉദ്ഘാടനം ചെയ്തു. അനധികൃത കെട്ടിട നമ്പർ അഴിമതിയുടെ വിഹിതം സി.പി.എമ്മിനും ലഭിച്ചിച്ചിട്ടുണ്ടെന്ന് അഡ്വ.വി.കെ.സജീവൻ ആരോപിച്ചു. അന്വേഷണം നീട്ടിക്കൊണ്ടുപോയി അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചെറുവണ്ണൂർ സോണിൽ നിന്ന് മാത്രം 300 ലധികം കെട്ടിടങ്ങൾ അനധികൃത നമ്പർ സംഘടിപ്പിച്ചതായാണ് വിവരം. എന്നാൽ കോർപ്പറേഷൻ 7 എണ്ണം മാത്രമാണ് പൊലീസിന് കൈമാറിയത്. എത്ര കെട്ടിടങ്ങൾക്ക് ഇങ്ങനെ നമ്പർ കിട്ടിയെന്ന് പറയാനോ, റദ്ദാക്കാനോ സാധിക്കാതെ കോർപറേഷൻ ഇരുട്ടിൽ തപ്പുകയാണെന്നും വി.കെ.സജീവൻ പറഞ്ഞു. ബിലാത്തിക്കുളം ജഗന്നാഥൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാസെക്രട്ടറി പ്രശോഭ് കോട്ടുളി, സംസ്ഥാന സമിതിയംഗം പി.രമണിഭായ്, കൗൺസിലർ എൻ.ശിവപ്രസാദ്, ബി.ജെ.പി നേതാക്കളായ പി.കെ.ഗണേശ്, എൻ.പി പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു. സൗത്ത് മണ്ഡലം പ്രസിഡന്റ് സി.പി.വിജയകൃഷ്ണൻ, കൗൺസിലർ നവ്യ ഹരിദാസ് എന്നിവർ നയിക്കുന്ന ജാഥ സംസ്ഥാന വൈസ് പ്രസിഡന്റ് പി.രഘുനാഥ് ഉദ്ഘാടനം ചെയ്തു.

കോഴിക്കോട് കോർപ്പറേഷനിലെ സമാന്തര മാഫിയാ ഭരണം അവസാനിപ്പിക്കുക, കെട്ടിട നമ്പർ അഴിമതി സ്വതന്ത്ര ഏജൻസി അന്വേഷിക്കുക എന്നിവയാണ് ജാഥയിലെ മറ്റ് ആവശ്യങ്ങൾ.