break
മാനാഞ്ചിറയിലെ ടേക്ക് എ ബ്രേക്ക് വിശ്രമകേന്ദ്രം

കോഴിക്കോട്: പണി പൂർത്തിയാക്കി മാസങ്ങളായിട്ടും ടൂറിസം വകുപ്പിന്റെ മാനാഞ്ചിറയിലെ വിശ്രമകേന്ദ്രമായ ടേക്ക് എ ബ്രേക്ക് ഇനിയും തുറക്കാത്തത് ജനങ്ങൾക്ക് ബുദ്ധിമുട്ടാകുന്നു. കോർപ്പറേഷൻ എൻജിനീയറിംഗ് വിഭാഗം കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ച് മാസങ്ങളായി. നടത്തിപ്പ് ചുമതല കുടുംബശ്രീക്ക് നൽകാനാണ് ഉദ്ദേശിക്കുന്നതെന്നും അതിന് കുടുംബശ്രീ യൂണിറ്റ് എത്താത്തതാണ് തുറന്നുനൽകാൻ വൈകുന്നതെന്നുമാണ് കോർപ്പറേഷൻ പറയുന്നത്. തദ്ദേശ സ്ഥാപന പ്രദേശങ്ങളിലും ദേശീയസംസ്ഥാന പാതയോരങ്ങളിലും എല്ലാ സൗകര്യങ്ങളോടും കൂടിയ വിശ്രമകേന്ദ്രം ഒരുക്കുക എന്ന പദ്ധതിയ്ക്ക് വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. മാനാഞ്ചിറയിൽ ഒരുക്കിയ വിശ്രമകേന്ദ്രത്തിൽ സ്ത്രീകൾക്കും പുരുഷന്മാർക്കും ട്രാൻസ്ജൻഡേഴ്സിനും പ്രത്യേകം ടോയ്‌ലെറ്റ് ബ്ലോക്കുകളുണ്ട്. മുലയൂട്ടൽ മുറികൾ, വിശ്രമ മുറികൾ, സാനിറ്ററി നാപ്കിൻ വെൻഡിംഗ് കിയോസ്‌കുകൾ, ചായ, തണുത്തപാനീയങ്ങൾ, ചെറുകടികൾ തുടങ്ങിയവ ലഭിക്കുന്ന കഫേ എന്നിവയാണ് ഇവിടെ നിർമിച്ചിരിക്കുന്നത്. ജില്ലയിൽ 34 'ടേക്ക് എ ബ്രേക്ക്' വിശ്രമകേന്ദ്രങ്ങളാണ് പ്രഖ്യാപിച്ചിരുന്നത്. കുടുംബശ്രീ യൂണിറ്റുകൾക്കാണ് നടത്തിപ്പ് ചുമതല.

# ഏറ്റെടുത്ത് നടത്താൻ നാല് കുടുംബശ്രീ യൂണിറ്റുകൾ വന്നെങ്കിലും അവർക്ക് മുൻപരിചയമില്ലാത്തതിനാൽ നൽകാൻ കഴിഞ്ഞില്ല. ഏറ്റെടുത്ത് നടത്താൻ പ്രാപ്തരായ യൂണിറ്റിനെ കണ്ടെത്താനായി ഫിനാൻസ് കമ്മിറ്റി റീ ടെൻഡർ വിളിക്കാൻ ഒരുങ്ങുകയാണ്.

കെ.യു.ബിനി,

കോർപ്പറേഷൻ സെക്രട്ടറി