മണ്ണാർക്കാട്: അട്ടപ്പാടി മധു വധക്കേസിൽ പ്രോസിക്യൂഷന് വീണ്ടും തിരിച്ചടിയായി സാക്ഷിയുടെ കൂറുമാറ്റം. 21-ാം സാക്ഷി വീരനാണ് ഇന്നലെ കോടതിയിൽ കൂറുമാറിയത്. ഇതോടെ കേസിൽ കൂറുമാറിയവരുടെ എണ്ണം പതിനൊന്നായി. പൊലീസ് നിർബന്ധത്താൽ മൊഴി നൽകിയെന്നാണ് വീരനും പറയുന്നത്.

തുടർച്ചയായുള്ള സാക്ഷികളുടെ കൂറുമാറ്റം മധു വധക്കേസിൽ കുടുംബത്തിനും പ്രോസിക്യൂഷനും ആശങ്കയേറ്റുകയാണ്. അതേസമയം ഇന്നലെ കോടതിയിൽ ഹാജരാകാൻ സമൻസ് അയച്ചിരുന്ന 22-ാം സാക്ഷി മുരുകൻ ഹാജരായില്ല. സാക്ഷി ഹാജരാവാത്തതിനാൽ കോടതി വാറണ്ട് പുറപ്പെടുവിച്ചു.
കേസിന്റെ വിചാരണ ഈ മാസം അവസാനത്തിന് മുൻപ് പൂർത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ദിവസവും അഞ്ച് സാക്ഷികളെ വച്ച് വിസ്തരിക്കേണ്ടി വരും.