ima
ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ടൗൺഹാളിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.

കോഴിക്കോട്: ഡോക്ടർമാരുടെ കാര്യത്തിൽ സർക്കാരും പൊതുസമൂഹവും നിസ്സംഗത പാലിക്കുകയാണെന്ന് ഐ.എം.എ സംസ്ഥാന പ്രസിഡന്റ് ഡോ.സാമുവൽ കോശി. ഡോക്ടർമാർക്കൊരു പ്രശ്‌നമുണ്ടായാൽ മനുഷ്യാവകാശ കമ്മിഷനുമില്ല, വനിതാകമ്മിഷനുമില്ല, സാംസ്‌കാരിക നായകരുമില്ല. ഇത് അനീതിയാണെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് ടൗൺഹാളിൽ ഐ.എം.എ ജില്ലാസമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ആശുപത്രികളുമായി ബന്ധപ്പെട്ട് നിരവധിയായ പ്രശ്‌നങ്ങളുണ്ടാകാറുണ്ട്. എന്തെങ്കിലും അത്യാഹിതം സംഭവിച്ചാൽ എല്ലാവരും ഡോക്ടർമാർക്കും നഴ്‌സുമാർക്കുമെതിരെ തിരിയുന്ന അവസ്ഥയാണിപ്പോൾ. സർക്കാരും കൈയൊഴിയുന്നു. ഇത്തരമൊരവസ്ഥയിൽ നിന്നും മോചനമുണ്ടാകണമെങ്കിൽ ആശുപത്രികളെ സർക്കാർ സംരക്ഷിത മേഖലയാക്കി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമ്മേളനം തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ.ഉദ്ഘാടനം ചെയ്തു. കെ.കെ.രമ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഐ.എം.എ കോഴിക്കോട് ജില്ലാ ചെയർമാൻ ഡോ.സി.കെ.ഷാജി അദ്ധ്യക്ഷത വഹിച്ചു. ഡോ.വി.പി.പ്രദീപ് കുമാർ, ഡോ.വി.പി.സുരേന്ദ്ര ബാബു, ഡോ.ജോസഫ് ബെനവൻ, ഡോ.കെ.മൊയ്തു, ഡോ.അജിത പി.എൻ, ഡോ.അശോക് കുമാർ, പ്രസ്‌ക്ലബ് സെക്രട്ടറി പി.എസ്.രാകേഷ്, ഡോ.എം.മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.