rain-walk
rain walk

കോഴിക്കോട്: മലബാർ റിവർ ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഇന്റർനാഷണൽ കയാക്കിംഗ് മത്സരത്തിന്റെ പ്രചരണാർത്ഥം സൈക്ലിംഗും സ്ത്രീകൾക്ക് മഴനടത്തവും സംഘടിപ്പിക്കുന്നു. കേരള ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ഞായറാഴ്ച മാനാഞ്ചിറയിൽ നിന്നും ആരംഭിച്ച് പുലിക്കയത്ത് അവസാനിക്കുന്ന സൈക്ലിംഗ് ജില്ലാ കലക്ടർ ഡോ.എൻ തേജ് ലോഹിത് റെഡ്ഡി രാവിലെ ഏഴിന് ഫ്‌ളാഗ് ഓഫ് ചെയ്യും.

ഓഗസ്റ്റ് എട്ടിന് തുഷാരഗിരിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള മഴനടത്തം പരിപാടി നടക്കും.രാവിലെ ഒൻപതിനാണ് മഴനടത്തം. സ്ത്രീകളുടെ സ്വതന്ത്ര സഞ്ചാര കൂട്ടായ്മയായ വേൾഡ് ഓഫ് വുമണും സംസ്ഥാന ടൂറിസം വകുപ്പും ചേർന്നാണ് മഴനടത്തം സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് 9747964993 എന്ന നമ്പറിൽ ബന്ധപ്പെടാം.

കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാ പഞ്ചായത്ത്, കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷനുമായി ചേർന്നാണ് അന്തർ ദേശീയ കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്.
ഓഗസ്റ്റ് 12,13,14 തീയതികളിലായി മലബാർ റിവർ ഫെസ്റ്റിവൽ എന്ന പേരിൽ തുഷാരഗിരിയിൽ വെച്ചാണ് മത്സരം. കയാക്കിംഗിൽ പുലിക്കയം സ്റ്റാർട്ടിംഗ് പോയിന്റും ഇലന്തുകടവ് എൻഡിംഗ് പോയിന്റുമാവും. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺറിവർ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും. അന്തർദേശീയ കയാക്കർമാരും ദേശീയ കയാക്കർമാരും മത്സരത്തിൽ പങ്കെടുക്കും.