കോഴിക്കോട്: ഓണത്തിന് നിറം പകരാൻ ഖാദിയും ഒരുങ്ങി. ചെറൂട്ടി റോഡിലെ ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസ് അങ്കണത്തിൽ ആരംഭിച്ച ജില്ലാതല ഓണം- ഖാദി മേള തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓണ വിപണി ലക്ഷ്യമാക്കി പ്രകൃതിദത്ത ഖാദി തുണിത്തരങ്ങളും വൈവിദ്ധ്യമാർന്ന ഗ്രാമ വ്യവസായ ഉത്പന്നങ്ങളുമാണ് കേരള ഖാദി ഗ്രാമ വ്യവസായ ബോർഡും ഖാദി സ്ഥാപനങ്ങളും മേളയിൽ ഒരുക്കിയിട്ടുള്ളത്.
സെപ്തംബർ ഏഴുവരെയാണ് മേള. രാവിലെ 10 ന് തുടങ്ങുന്ന മേള ഞായറാഴ്ചകളിലും തുറന്നു പ്രവർത്തിക്കും. 30 ശതമാനം വരെ റിബേറ്റ് ഉണ്ടായിരിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ ഡോ. എൻ.തേജ് ലോഹിത് റെഡ്ഢി ആദ്യവില്പന നടത്തി. സമ്മാന കൂപ്പൺ വിതരണം കാലടി സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ.ജെ.പ്രസാദ് നിർവഹിച്ചു. വാർഡ് കൗൺസിലർ എസ്. കെ അബൂബക്കർ, ഖാദി ബോർഡ് ഡയറക്ടർ കെ.പി ദിനേഷ് കുമാർ, സർവ്വോദയ സംഘം ചെയർമാൻ യു. രാധാകൃഷ്ണൻ, സെക്രട്ടറി പി.വിശ്വൻ, മുരളീധരൻ ടി.എം,കെ. ഷിബി തുടങ്ങിയവർ പങ്കെടുത്തു.
സർവോദയ സംഘത്തിന്റെ മിഠായിത്തെരുവിലെ ഖാദി ഗ്രാമോദ്യോഗ് എമ്പോറിയത്തിൽ ഒരുക്കുന്ന ഓണം-ഖാദി മേള ഇന്ന് രാവിലെ 10ന് തുറമുഖ മന്ത്രി അഹമ്മദ് ദേവർകോവിൽ
ഉദ്ഘാടനം ചെയ്യും.ഇത്തവണ ഒഡീഷ, കർണാടക, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രിന്റഡ് സിൽക്ക്, ജൂട്ട് സിൽക്ക്, ടസർ സിൽക്ക്, നീംജോരി എന്നീ സാരികളും ഉണ്ടാവും. സർക്കാർ ഉദ്യോഗസ്ഥർക്ക് തവണകളായി പണം അടക്കാനുള്ള സൗകര്യവുമുണ്ട്. ആഴ്ചയിൽ ഒരിക്കൽ ഖാദി ധരിക്കണമെന്ന സർക്കാർ ഉത്തരവിന്റെ ചുവടുപിടിച്ച് 'ഓരോ വീട്ടിലും ഒരു ഖാദി ഉത്പന്നം' എന്ന ലക്ഷ്യവുമായി ഖാദി ഉത്പന്നങ്ങൾ വാങ്ങുന്നവർക്കായി ഓണക്കാലത്ത്ആകർഷകമായ സമ്മാന പദ്ധതികളും ഒരുക്കിയിട്ടുണ്ടെന്ന്കോഴിക്കോട് സർവോദയ സംഘം വൈസ് പ്രസിഡന്റ് ജി.എം സിജിത്ത് , സെക്രട്ടറി പി വിശ്വൻ, ട്രഷറർ എം കെ ശ്യം പ്രസാദ്, ഏരിയ മാനേജർ എൻ കൃഷ്ണകുമാർ എന്നിവർ പറഞ്ഞു.
ഉത്പന്നങ്ങൾ വാങ്ങുമ്പോൾ
വേണം ജാഗ്രത
കോഴിക്കോട്: അഖിലേന്ത്യാ ഖാദി കമ്മിഷന്റെയോ കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെയോ അംഗീകാരമില്ലാത്ത വ്യാജ ഖാദി ഉത്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയതോടെ ജാഗ്രതാ നിർദ്ദേശവുമായി ഖാദി ബോർഡ്.
വ്യാജ ഖാദി ഉത്പന്നങ്ങൾ വാങ്ങി വഞ്ചിതരാകാതിരിക്കാൻ ജനങ്ങൾ ജാഗ്രത പുലർത്തണം. കേരള ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ അംഗീകൃത ഷോറൂമുകളിൽ നിന്നും ഖാദി കമ്മിഷന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്ന് മാത്രമേ യഥാർത്ഥ ഖാദി ഉത്പന്നങ്ങൾ ലഭിക്കുകയുള്ളൂവെന്ന് പ്രൊജക്ട് ഓഫീസർ ജില്ലാ ഖാദി ഗ്രാമ വ്യവസായ പ്രൊജക്ട് ഓഫീസർ അറിയിച്ചു.