photo

ബാലുശ്ശേരി: ബാഗിലുള്ള പണം മോഷണം പോയെന്ന പരാതിയിൽ പൊലീസ് അന്വേഷണം നടത്തിയപ്പോൾ

പരാതിക്കാരൻ തന്നെ കള്ളൻ. ഇതോടെ വേങ്ങേരി രമ്യാ ഹൗസിൽ അമർനാഥി(19) നെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിന് ആസ്പദമായ സംഭവം. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിലെ സാധനങ്ങൾ കൊണ്ടുപോകുന്ന വാഹനത്തിലെ കളക്ഷൻ ഏജന്റാണ് പ്രതി അമർനാഥ്. ഡ്രൈവർ വാഹനം നിറുത്തി പുറത്ത് പോയ സ്കൂട്ടറിൽ രണ്ട് പേർ വന്ന് തന്റെ കൈവശമുള്ള ബാഗ് തട്ടിപ്പറിച്ചെന്നും ബാഗിൽ 40,000 രുപ ഉണ്ടായിരുന്നെന്നും അവർ മർദ്ദിച്ചെന്നും തുടർന്ന് നാട്ടുകാരും ഡ്രൈവറും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെന്നുമാണ് പരാതി. സംഭവം നടന്ന സ്ഥലത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ പ്രതി പറയുന്നത് കള്ളമാണെന്ന് മനസിലായി. വിശദമായ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

പണം വീട്ടിലെ സോഫയ്ക്കടിയിൽ നിന്ന് പൊലീസ് കണ്ടെടുക്കുകയും ചെയ്തു. വാഹനത്തിലെ ഡ്രൈവർ അല്പമൊന്ന് മയങ്ങാൻ കിടന്നപ്പോൾ അദ്ദേഹമറിയാതെ പണം വാഹനത്തിന്റെ സീറ്റിനടിയിൽ ഒളിപ്പിച്ചു വെയ്ക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പിന്നീട് ബാഗ് വലിച്ചെറിയുകയും നിലത്ത് വീണ് കിടന്ന് ഉരുളുകയും അക്രമിച്ചെന്ന് വിളിച്ചു പറയുകയുമായിരുന്നു. ഇതേ തുടർന്ന് നാട്ടുകാരും ഡ്രൈവറും ചേർന്ന് ഇയാളെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇയാളുടെ വീട്ടിൽ നിന്ന് 58,500 രൂപ പൊലീസ് കണ്ടെടുത്തു. എസ്.എച്ച്.ഒ. എം.കെ.സുരേഷ് കുമാർ, എസ്.ഐ. പി.റഫീഖ്, സി.പി.ഒ. നിഖിൽ എന്നിവരാണ് കേസ് അന്വേഷിച്ചത്.