കോഴിക്കോട്: കർക്കിടകത്തിലെ പത്തിലകളുമായി ജില്ലാ സർവോദയ മണ്ഡലം ഗാന്ധി ഗൃഹത്തിൽ ആരംഭിച്ച പ്രദർശനം ശ്രദ്ധേയമാകുന്നു. ചീര, താള്, തകര, തഴുതാമ, ചേനയില, മത്തൻ, കുമ്പളം, പയറില, നെയ്യുണ്ണി, കഞ്ഞിത്തൂവ ഇവയാണ് പത്തിലകളെന്ന് പാരമ്പര്യമായി അവകാശപ്പെടുന്നത്. എന്നാൽ കാലവും ദേശവും അനുസരിച്ച് ഇതിൽ മാറ്റം വരാമെന്നാണ് പാരമ്പര്യ വൈദ്യർ പറയുന്നത്. ഓരോ പ്രദേശത്തും അവരവരുടെ ചുറ്റുപാടിൽ ലഭ്യമാകുന്ന പത്തുതരത്തിലുള്ള ഇലകളെയാണ് പത്തിലകളായി പരിഗണിക്കുന്നത്.
പ്രദർശനത്തിൽ ഇലകൾ വാങ്ങാനും അവസരമൊരുക്കിയിട്ടുണ്ട്. പത്തിലകളുടെ പ്രത്യേകതകളും അതുകഴിച്ചാലുള്ള ഔഷധ ഗുണങ്ങളെക്കുറിച്ചും അധികൃതർ വിശധീകരിക്കുന്നുണ്ട്. സർവോദയ മണ്ഡലം പ്രവർത്തകനായ കെ.ജയപ്രകാശനാണ് പത്തില പ്രദർശനത്തിന് ചുക്കാൻ പിടിച്ചത്. ഇരുപതു രൂപയാണ് പത്തിലകളടങ്ങിയഒരു കെട്ടിന്റെ വില. പറ്റാവുന്നവയുടെ തൈകളും വിത്തുകളും ലഭ്യമാക്കിയിട്ടുണ്ട്. സ്വാതന്ത്ര്യസമര സേനാനി പി.വാസു കഴിഞ്ഞ ദിവസം പ്രദർശനം ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസത്തെ പ്രദർശനം ഇന്ന് അവസാനിക്കും.