news
ഡോറുകൾ അടയ്ക്കാതെ നഗരത്തിലൂടെ സ‌ർവ്വീസ് നടത്തുന്ന ബസ്.

കോഴിക്കോട്: ഡോറില്ലാതെ ഓടുന്ന ബസുകൾക്കെതിരെ പരാതികളും നടപടികളും പതിവാണ്. അപകടങ്ങൾക്ക് കൈയും കണക്കുമില്ല. കുട്ടികളടക്കം മരിച്ചവർ നിരവധി. എന്നാലും ഞങ്ങളിങ്ങനയാണെന്ന അഹന്തയോടെ ഡോറില്ലാതെ ഓടുകയാണ് സിറ്റി ബസുകൾ. സ്‌കൂളുകൾ തുറന്നതോടെ ഡോറില്ലാത്ത ബസുകളുടെ എണ്ണവും കൂടി. കുട്ടികളെ തള്ളിക്കയറ്റാൻ ഡോർ

തടസമാണെന്നാണ് ബസുകാരുടെ വിചിത്ര വാദം. നഗരക്കുരുക്കുകളിൽ നിന്ന് രക്ഷപ്പെട്ട് സമയത്തിന് ബസ് ഓടിക്കാൻ ഡോറൊരു 'ബാദ്ധ്യത'യാണ് പോലും!. എന്തായാലും നഗരത്തിലെ റോഡുകളിൽ മരണക്കെണിയുമായാണ് ബസുകളുടെ ഓട്ടം. കഴിഞ്ഞ ഒരു മാസത്തിനിടെ അമ്പതോളം കേസുകളെടുത്തെന്ന് പൊലീസ് പറയുമ്പോഴും സിറ്റി ബസുകളിൽ ഭൂരിഭാഗത്തിനും ഇപ്പോഴും ഡോറില്ലെന്നതാണ് സത്യം.
നേരത്തെ അപകടം പതിവായതോടെ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായിരുന്നു. ഡോറില്ലാത്ത ബസുകളുടെ ലൈസൻസ് റദ്ദ് ചെയ്യാനായിരുന്നു ഉത്തരവ്. കർശന നടപടികളുമായി ആർ.ടി.ഒയും പൊലീസും രംഗത്തെത്തിയതോടെ ബസുകൾക്കെല്ലാം ഡോറായി. എന്നാൽ ഇപ്പോൾ കാര്യങ്ങളെല്ലാം പഴയപടി. യാത്രക്കാരെയും കുത്തിനിറച്ച് സിറ്റി ബസുകളുടെ മരണപ്പാച്ചിലാണ് നഗരത്തിൽ. കുട്ടികൾ കയറും മുമ്പെ ബസുകൾ നീങ്ങി തുടങ്ങും. ആൺകുട്ടികളായാലും പെൺകുട്ടികളായാലും ഒരു കാൽ സ്റ്റെപ്പിൽ വയ്ക്കുമ്പോഴേക്കും ബസ് നീങ്ങും. ബ്രേക്കിട്ടാൽ കുട്ടികൾ പുറത്തേക്ക് തെറിക്കുന്ന അവസ്ഥ.

'ഡോറുണ്ടെങ്കിൽ മുന്നിലും പിന്നിലും ജീവനക്കാരനെ നിർത്തണം. ഇപ്പോൾ പല ബസുകളിലും പിന്നിൽ മാത്രമാണ് ജീവനക്കാരുള്ളത്. നാലു ജീവനക്കാരെയും വെച്ച് ബസ് ഓടിക്കുന്നത് നഷ്ടമാണ്'.

ബസ് ഉടമകൾ.

' ഡോറില്ലാതെ ഓടുന്ന ബസുകൾക്കെതിരെ കർശന നടപടിയെടുക്കും. സിറ്റി സർവീസുകൾ മാത്രമല്ല ഒരു ബസും ഡോറില്ലാതെ ഓടരുതെന്നാണ് നിയമം. പാലിക്കാത്തവർക്കെതിരെ ബസ് പിടിച്ചെടുക്കലടക്കം നടപടി തുടങ്ങിയിട്ടുണ്ട്. ഡോർ അഴിച്ചുവെച്ച് ഓടുന്ന ബസുകൾ പിടിച്ച് പിഴയിടുകയും കേസെടുക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ബസുകൾ ശ്രദ്ധയിൽപെട്ടാൽ ആർക്കും പരാതി നൽകാം' എ.ജെ.ജോൺസൻ, സിറ്റി ട്രാഫിക് അസി.കമ്മിഷണർ.