കുറ്റ്യാടി: നിരവധി തവണ ടാർ ചെയ്ത് യാത്രായോഗ്യമാക്കിയാലും ഒരു മാസത്തിനുള്ളിൽ പൊട്ടിപൊളിഞ്ഞ് കുഴികളാവുന്ന സ്ഥിതിയാണ് കുറ്റ്യാടി റിവർ റോഡിന്. കഴിഞ്ഞ വർഷം ടാറിംഗ് നടത്തി കേടുപാടുകൾ പരിഹരിച്ചെങ്കിലും ഇപ്പോൾ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. മാർക്കറ്റിലെത്തുന്ന നൂറ് കണക്കിന് വാഹനങ്ങളും ജനങ്ങളുമാണ് ഈ റോഡിലൂടെ ദിവസവും സഞ്ചരിക്കുന്നത്. റിവർ റോഡിലെ നടപ്പാത പൂർണ്ണമായും കൈ അടക്കിയ രീതിയിലാണ്. നടന്ന് പോകാൻ നടപ്പാതയില്ലാത്തതിനാൽ കാൽനട സഞ്ചാരികൾ റോഡിലിറങ്ങി നടന്ന് പോകേണ്ട അവസ്ഥയിലാണ്. റോഡിന്റെ ഇരുവശങ്ങളിലുള്ള നിരവധി വ്യാപാര സ്ഥാപനങ്ങൾക്കും തകർന്ന റോഡ് ഭീഷണി ഉയർത്തുകയാണ്. വേഗതയിലോടുന്ന വാഹനങ്ങളുടെ ടയറുകളിൽ പെട്ട് കല്ലുകൾ തെറിച്ച് വീഴുന്നതിനൊപ്പം ചെളിവെള്ളം യാത്രക്കാരുടെയും കടകളിലേക്കും തെറിച്ചു വീഴുകയാണ്. റിവർ റോഡ് പൂർണ്ണമായും ടൈലുകൾ പാകി സുരക്ഷിതമാക്കണമെന്നാണ് ജനങ്ങളുടെ അഭിപ്രായം