പേരാമ്പ്ര: കിഴക്കൻ മലയോരത്ത് കനത്ത മഴ തുടരുന്നു. ശക്തമായ മഴയിൽ കക്കയത്ത് നിന്നും ഡാം സൈറ്റിലേക്ക് പോകുന്ന് റോഡ് തകർന്നു. ഇതുവഴിയുള്ള ഗതാഗതം ഭാഗമായി നിയന്ത്രിച്ചു. മണ്ണിടിച്ചിൽ ഉരൾപൊട്ടൽ സാദ്ധ്യത മുന്നിൽ കണ്ട് കക്കയം അമ്പലക്കുന്ന് കോളനിയിയിലെ 11 കുടുംബങ്ങൾ കക്കയം ജി.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. കൂരാച്ചുണ്ട് ചക്കിട്ടപാറ മേഖലയിൽ ഇന്നലെയും കനത്ത മഴ തുടർന്നു. മഴക്കെടുതി ദുരിത ഭീഷണി ഒഴിവാക്കുന്നതിനായി ചക്കിട്ടപാറയിലും കൂരാച്ചുണ്ടിലും ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചു.
ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിലെ നരേന്ദ്ര ദേവ് ആദിവാസി കോളനി ഉൾപ്പെടുന്ന മേഖലയിലെ അപകട സാദ്ധ്യത മുൻ നിർത്തിയാണ് നരേന്ദ്ര ദേവ് അങ്കണവാടിയിൽ ക്യാമ്പ് ആരംഭിച്ചിട്ടുള്ളത്.
23 കുടുംബങ്ങളെയാണു നിലവിൽ മാറ്റി പാർപ്പിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ കൂടുതൽ കുടുംബങ്ങളെ മാറ്റി പാർപ്പിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സുനിൽ, കൊയിലാണ്ടി താലൂക്ക് തഹസിൽദാർ ടി.പി മണി, ഡെപ്യുട്ടി തഹസിൽദാർ ശശിധരൻ, പെരുവണ്ണാമൂഴി വില്ലേജ് ഓഫിസർ ടി.വി സുധി, വാർഡ് ജാഗ്രതാ സമിതി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് ദുരിതാശ്വാസ പ്രവർത്തനങൾ ഏകോപിപ്പിക്കുന്നത്. കക്കയം, കരിയാത്തുംപാറ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനവും നിരോധിച്ചു.