കോഴിക്കോട്: കിടക്കകൾ ലഭ്യമല്ലാത്തതിനാൽ കോഴിക്കോട് മെഡിക്കൽ കോളേജിലെ ജനറൽ മെഡിക്കൽ വിഭാഗത്തിൽ രോഗികൾ പായ വിരിച്ച് വെറും നിലത്ത് കിടക്കുകയാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. മെഡിക്കൽകോളേജ് ആശുപത്രി സൂപ്രണ്ട് പരാതി അടിയന്തിരമായി പരിഹരിച്ച് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തിയ ശേഷം ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
മഴക്കാല രോഗങ്ങളുടെ വ്യാപനമുണ്ടായതോടെ രോഗികളുമായി എത്തുന്ന ട്രോളികൾ സഞ്ചരിക്കുന്ന വഴിയിലാണ് രോഗികൾ കിടക്കുന്നത്. ട്രോളി വരുമ്പോൾ രോഗികൾ എഴുന്നേറ്റു മാറിനിൽക്കണം. പരസഹായമില്ലാതെ മാറി കിടക്കാൻ പോലും കഴിയാത്തവരാണ് വെറും നിലത്തും വരാന്തയിലും കിടക്കുന്നത്. ജനറൽ മെഡിസിൻ വിഭാഗത്തിലുള്ള 11 വാർഡുകൾ രോഗികളെ കൊണ്ട് നിറഞ്ഞു. ഏഴാം വാർഡ് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്. ഇതാണ് പ്രതിസന്ധി വർദ്ധിപ്പിച്ചത്. മാദ്ധ്യമവാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മിഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.