homeo
homeo

കോഴിക്കോട്: ഫാർമസിസ്റ്റുകളുടെ കുറവ് കാരണം ഗവ. ഹോമിയോ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരുന്നു ദുരിതം. ആവശ്യത്ത് ഡോക്ടർമാരുണ്ട്, മറ്റു സംവിധാനങ്ങളും. പക്ഷെ ഡോക്ടർ കുറിച്ച മരുന്ന് കിട്ടണമെങ്കിൽ മണിക്കൂറുകൾ കാത്തിരിക്കണം. ഇതുകാരണം പലരും പുറത്തെ ഹോമിയോ മെഡിക്കൽ സ്‌റ്റോറുകളിലേക്ക് പോവുകയാണ്.
ഒമ്പതോളം ഒ.പി കൗണ്ടറുകൾ ഉണ്ടെങ്കിലും മരുന്ന് വിതരണം ചെയ്യുന്നത് രണ്ട് കണ്ടറുകളിൽ മാത്രം. പി.ജി ഡോക്ടർമാർ അടക്കം 40 ഓളം ഡോക്ടർമാർ എഴുതുന്ന മരുന്നുകളാണ് രണ്ട് ഫാർമസിസ്റ്റുകളുടെ
കൈകളിലൂടെ എടുത്തു കൊടുക്കേണ്ടത്. മരുന്നു വിതരണത്തിന് ഫാർമസിയിൽ നാല് കൗണ്ടറുകൾ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. നാല് ഫാർമസിറ്റുകൾ ഉണ്ടായിരുന്ന ആശുപത്രിയിൽ നിന്ന് ഒരു പോസ്റ്റ് തന്നെ തിരുവനന്തപുരത്തേക്ക് മാറ്റി. പിന്നെയുള്ളത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വന്നൊരാൾ. കാലാവധി കഴിഞ്ഞപ്പോൾ അയാളും പോയി. ഇപ്പോളുള്ളത് രണ്ടുപേർ.

700ലധികം രോഗികളാണ് ദിനംപ്രതി ആശുപത്രിയിലെത്തുന്നത്. ഇതു കാരണം ഫാർമസിക്ക് മുന്നിൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ട അവസ്ഥയിലാണ് രോഗികൾ. മാത്രമല്ല ഫാർമസിയിലെ ഡിജിറ്റൽ ടോക്കൺ സംവിധാനവും പ്രവർത്തനരഹിതമായിക്കിടക്കുകയാണ്. ഇത് അറ്റകുറ്റപ്പണി നടത്തണമെന്ന് കെൽട്രോണിന് അപേക്ഷ നൽകിയെങ്കിലും നടപടിയൊന്നുമായിട്ടില്ല. ഇതു കാരണം നമ്പർ വിളിക്കുന്നത് പോലും രോഗികളും കൂടെ വന്നവരും അറിയില്ല. പലരും തിരക്ക് കാരണം കൗണ്ടറിൽ നിന്ന് അൽപ്പം മാറി നിന്ന് ഊഴമെത്തിയോ എന്നന്വേഷിച്ച് വന്ന് നോക്കുമ്പോൾ നമ്പർ കഴിഞ്ഞു കാണും. വീണ്ടും കാത്തിരിപ്പോ കാത്തിരിപ്പ്.

മരുന്ന് പ്രതിസന്ധിക്ക് ഉടൻ

പരിഹാരമാവും: സൂപ്രണ്ട്


കോഴിക്കോട്: നിലവിൽ ഹോമിയോ മെഡിക്കൽകോളേജിന്റെ പ്രവർത്തനങ്ങൾ സുഗമമായാണ് നടക്കുന്നതെന്ന് സുപ്രണ്ട് പി.കൃഷ്ണൻകുട്ടി. മരുന്നുകൊടുക്കുന്നിടത്തെ നാല് പോസ്റ്റുകളിലൊന്ന് തിരുവനന്തപുരത്തേക്ക് ഷിഫ്റ്റ് ചെയ്തതാണ് ചെറിയ ബുദ്ധിമുട്ടുണ്ടാക്കിയത്. നാലുപേരിൽ ഒരാൾ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി വന്നതായിരുന്നു. കാലാവധികഴിഞ്ഞതോടെ അയാൾ പോയ ഒഴിവിലേക്ക് ഒരാളെ തരാൻ ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിലുള്ള ഒ.പി.ബ്ലോക്ക് പുതിയ ബിൽഡിംഗിലേക്ക് മാറ്റാനുള്ള ശ്രമം നടക്കുകയാണ്. അത് വന്നുകഴിഞ്ഞാൽ കൂടുതൽ സൗകര്യങ്ങളാവുമെന്നും സൂപ്രണ്ട് പറഞ്ഞു.