പേരാമ്പ്ര: ആവശ്യത്തിന് ബസില്ലാതെ കിഴക്കൻമലയോരം വലയുന്നു. പ്രധാന പാതയായ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ രാത്രിയിൽ യാത്ര ദുരിതമായിക്കൊണ്ടിരിക്കുകയാണ്. ഇന്ധനക്ഷാമം മൂലം കെ.എസ്.ആർ.ടി.സി ബസ് സർവീസ് വെട്ടിച്ചുരുക്കിയതിനൊപ്പം തന്നെ ഈ റൂട്ടിലെ സ്വകാര്യ ബസുകൾ കൂടി സർവീസ് നിറുത്തിയത് യാത്രക്കാർക്ക് തിരിച്ചടിയാകുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ചുരുങ്ങിയ ബസുകൾ മാത്രമാണ് ഇവിടെ സർവീസ് നടത്തുന്നത്. ഇതോടെ കോഴിക്കോട് ടൗണിലെ പല സ്ഥാപനങ്ങളിലും ഇതര ജില്ലകളിലും ജോലി കഴിഞ്ഞെത്തുന്ന സ്ത്രീകൾ അടക്കമുള്ള യാത്രക്കാർ രാത്രി ഏറെ വൈകിയാണ് വീട്ടിൽ എത്തുന്നത്. ധാരാളം യാത്രക്കാരുള്ള ഈ റൂട്ടിൽ രാത്രി 8.45 കഴിഞ്ഞാൽ ബസ് ഓടുന്നില്ല. ബസിൽ ആള് കുറവാണ് എന്ന കാരണം പറഞ്ഞാണ് സ്വകാര്യ ബസുകൾ ട്രിപ്പ് മുടക്കുന്നത് .കോടികൾ ചെലവഴിച്ച് പുനർനിർമ്മിച്ച പേരാമ്പ്ര-താനിക്കണ്ടി റൂട്ടിലും ആവശ്യത്തിന് ബസില്ല .നേരത്തെ 8 ബസുകൾ ഓടിയിരുന്ന ഇവിടെ ഒരു ബസാണിപ്പോൾ സർവീസ് നടത്തുന്നത്. അതാവട്ടെ ദിവസവും രാവിലെയും വൈകീട്ടും മാത്രമാണ് സർവീസ് നടത്തുന്നത്.10 വർഷം മുൻപ് ഇവിടെ കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നു. എന്നാൽ മുന്നറിയിപ്പില്ലാതെ നിറുത്തുകയായിരുന്നു.
മാത്രമല്ല പെരുവണ്ണാമൂഴി ആവടുക്കവഴിയും പന്തിരിക്കര കോക്കാട് വഴിയും ലക്ഷങ്ങൾ മുടക്കി റോഡു പണിതെങ്കിലും ആവശ്യത്തിന് ബസില്ല .നിരവധി വിദ്യാലയങ്ങളും സർക്കാർ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന റൂട്ടാണിത് .ശക്തമായ കാലവർഷം കൂടിയായതോടെ ആവശ്യത്തിന് വാഹനം കിട്ടാതെ വിദ്യാർത്ഥികളും തൊഴിലാളികളുമുൾപെടെയുള്ള യാത്രക്കാർ പ്രതിസന്ധിയിലാണ് .ആവശ്യത്തിന് ബസുകൾ അനുവദിച്ച് മേഖലയിലെ യാതാദുരിതം പരിഹരക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്'
ബസില്ല
കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ
പേരാമ്പ്ര-താനിക്കണ്ടി റൂട്ടിൽ
പെരുവണ്ണാമൂഴി ആവടുക്കവഴി
പന്തിരിക്കര കോക്കാട് വഴി