കോഴിക്കോട് : കൈതപ്പൊയിൽ കേന്ദ്രമായി ആരംഭിച്ച മർകസ് നോളജ് സിറ്റി പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബർ അവസാനത്തിൽ നടക്കും. വിവിധ ദേശീയ, അന്തർദേശീയ വ്യക്തികൾ പങ്കെടുക്കുന്ന വിവിധ പരിപാടികളാണ് ഉദ്ഘാടനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ളത്. പരിപാടികളുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അദ്ധ്യക്ഷതയിൽ കാരന്തൂർ മർകസിൽ നടന്ന പ്രത്യേക പരിപാടിയിൽ ജനറൽ കമ്മിറ്റി ചെയർമാനായി സയ്യിദ് മുഹമ്മദ് തുറാബ് സഖാഫിയെയും, കൺവീനറായി അബ്ദുൽ മജീദ് കക്കാടിനെയും, ട്രഷറർ ആയി അബ്ദുൽ കരീം ഹാജി ചാലിയത്തെയും തിരഞ്ഞെടുത്തു. ചടങ്ങിൽ സി മുഹമ്മദ് ഫൈസി ആമുഖ പ്രഭാഷണം നടത്തി. ഡോ.അബ്ദുൽ ഹകീം അസ്ഹരി പദ്ധതികൾ വിശദീകരിച്ചു. മജീദ് കാക്കാട് സ്വാഗതവും, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി നന്ദിയും പറഞ്ഞു.
മെഡിക്കൽ കോളേജ്, ലോ കോളേജ്, ബിസിനസ് സ്‌കൂൾ, റിസർച്ച് സെന്റർ, ലൈബ്രറി, ഫോകലോർ സ്റ്റഡി സെന്റർ, മീഡിയ ആൻഡ് പബ്ലിഷിംഗ് ഹൗസ്, ജൈവ കേന്ദ്രം, കൾച്ചറൽ സെന്റർ, ഇന്റർനാഷണൽ സ്‌കൂൾ, ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, ഡിജിറ്റൽ എഡ്യൂക്കേഷൻ സെന്റർ, അഡ്വാൻസ്ഡ് സ്റ്റഡി സെന്റർ, സ്‌പെഷ്യൽ നീഡ് സ്‌കൂൾ, ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്റർ, ഹോസ്പിറ്റൽ, ബിസിനസ് സെന്റർ, വെൽനസ് സെന്റർ, ലൈഫ് സ്‌കിൽ സെന്റർ, അപാർട്ട്‌മെന്റുകൾ, സ്റ്റാർ ഹോട്ടൽ, കൺവെൻഷൻ സെന്റർ എന്നീ പദ്ധതികളാണ് ആദ്യ ഘട്ടത്തിൽ ആരംഭിച്ചിരിക്കുന്നത്. 125 ഏക്കറിൽ ആരംഭിച്ച നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്.