മേപ്പാടി: ദുരിതാശ്വാസ ക്യാമ്പിലെ വിരസത മാറ്റാൻ അന്യസംസ്ഥാന തൊഴിലാളിയുടെ പുല്ലാകുഴൽ വായന. നേപ്പാൾ സ്വദേശിയായ വീർ ബഹാദൂർ (48) ആണ് ആരെയും അതിശയിപ്പിക്കുന്ന തരത്തിൽ പ്ലാസ്റ്റിക് പൈപ്പിൽ തീർത്ത പുല്ലാംകുഴലിൽ സംഗീതമൊരുക്കിയത്.
മേപ്പാടി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലായിരുന്നു ഈ കാഴ്ച.
ക്യാമ്പിന്റെ മേൽനോട്ട ചുമതലയുള്ള കോട്ടപ്പടി വില്ലേജ് ഓഫീസർ പി.പി.റഷീദ മൊബൈലിൽ പകർത്തി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവച്ച വീഡിയോ ജില്ലാ കളക്ടർ എ.ഗീത ഏറ്റെടുത്തതോടെ വൈറലായി.
ജോലി തേടി അഞ്ചുവർഷം മുൻപ് വയനാട്ടിൽ എത്തിയ വീർ ബഹാദൂർ എളമ്പളേരി എസ്റ്റേറ്റിലാണ് ജോലി ചെയ്യുന്നത്. ആദ്യ ദിവസങ്ങളിൽ ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം ക്യാമ്പ് അംഗങ്ങൾക്ക് പ്രയാസകരമായിരുന്നു. എന്നാൽ പതിഞ്ഞ ശബ്ദത്തിലുള്ള പുല്ലാംകുഴൽ വായന മറ്റൊരു അനുഭവമാണ് ക്യാമ്പ് അംഗങ്ങൾക്ക് സമ്മാനിച്ചത്. ബന്ധുക്കളായ നിർമ്മല താപമതി, പവിത്ര താപമതർ എന്നിവർ നേപ്പാളി ഭാഷയിൽ കൂടെ പാടാനും തുടങ്ങിയതോടെ ക്യാമ്പ് വ്യത്യസ്ത അനുഭവമാവുകയാണ്. സ്വന്തമായി പുല്ലാംകുഴൽ ഇല്ലാത്തതിനാലാണ് പഴയ പൈപ്പ് സംഘടിപ്പിച്ച് ദ്വാരങ്ങളിട്ട് പുല്ലാംകുഴൽ നിർമ്മിച്ചത്.