കുന്ദമംഗലം: കേരള കൗമുദി വാർത്ത ചർച്ചയായി, ചാത്തമംഗലം അങ്ങാടിയിലെ നിലം പൊത്താറായ ബസ് കാത്തിരിപ്പ്കേന്ദ്രത്തിന് പുതുജീവൻ.
ചാത്തമംഗലത്തെ കലാ സാംസ്കാരിക സംഘടനയായ 'യുവധാര' യിലെ ചെറുപ്പക്കാരാണ് സ്വന്തം കീശയിൽനിന്ന് പണം മുടക്കി ബസ് സ്റ്റോപ്പ് നവീകരിക്കുന്നത്. ഇടിഞ്ഞുപൊളിഞ്ഞു വീഴാറായ ബസ് കാത്തിരിപ്പ് കേന്ദ്രത്തെക്കുറിച്ചുള്ള വാർത്ത കേരളകൗമുദിയിൽ കഴിഞ്ഞ വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചുവന്നത്. ഇത് ചാത്തമംഗലത്ത് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. എല്ലാം സർക്കാർ ചെയ്യട്ടെ എന്ന ചിന്താഗതി മാറ്റി യുവധാരയുടെ അമരക്കാരായ സുധീഷിന്റെയും ഷംസീറിന്റെയും നേതൃത്വത്തിൽ ഒരുകൂട്ടം ചെറുപ്പക്കാരാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്. പണിപൂർത്തിയാവുമ്പോഴേക്കും 80,000 രൂപയോളം സാധനസാമഗ്രികൾക്ക് ചെലവ് വരുമെന്നാണ്ഇവരുടെ കണക്ക് കൂട്ടൽ.
അരനൂറ്റാണ്ടിലധികം പഴക്കമുണ്ട് ചാത്തമംഗലം അങ്ങാടിയിലെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്.ഏത് നിമിഷവും നിലം പൊത്താറായിരുന്ന കെട്ടിടത്തിന്റെ ഓരുഭാഗം പൂർണമായും തകർന്നിരുന്നു. പലസമയത്തായി കെട്ടിടം അറ്റകുറ്റ പണികൾ നടത്തിയിരുന്നെങ്കിലും ഇപ്പോൾ വർഷങ്ങളായി അധികൃതരാരും ഈ കെട്ടിടത്തെ ഗൗനിക്കാറില്ലായിരുന്നു. മുക്കം റോഡ് നവീകരിച്ച സമയത്ത് അങ്ങാടിയിൽ ഒരു പുതിയ ബസ് സ്റ്റോപ്പ് ഉയരുമെന്ന പ്രതീക്ഷയിലായിരുന്നു നാട്ടുകാർ. ദേശീയ വിദ്യാഭ്യാസ സ്ഥാപനമായ എൻ.ഐ.ടിയും , എം.വി.ആർ ആശുപത്രിയുമൊക്കെ ഒരു വിളിപ്പാടകലെയാണ്. കോടികൾ മുടക്കി ചാത്തമംഗലം പാലക്കാടി റോഡും തുടങ്ങുന്നത് ഈ പൊളിഞ്ഞ ബസ് സ്റ്റോപ്പിനടുത്ത് വെച്ചാണ്.