കോഴിക്കോട്: ദേശീയപാത വികസനം ഇഴയുമ്പോൾ കുഴിനിറഞ്ഞ റോഡുകളിൽ അപകട പെരുമഴ. പൊട്ടിപ്പൊളിഞ്ഞും നിർമാണത്തിനായി കുത്തിപ്പൊളിച്ചിടുകയും ചെയ്തതോടെ റോഡുകളിൽ നിയന്ത്രണം തെറ്റി വാഹനങ്ങൾ കൂട്ടിയിടിക്കുന്നതും മറിയുന്നതും പതിവായി.
ഇന്നലെ പുലർച്ചെ നാലോടെ പൂളാടിക്കുന്നിന് സമീപം അമ്പലപ്പടിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കാർ പൂർണമായും തകർന്നു. ടാങ്കർ ലോറി റോഡിന് പുറത്തേക്കു മറിഞ്ഞു. നിലവിലെ റോഡിന്റെ പകുതി ഭാഗവും പൊളിച്ചിട്ട നിലയിലാണ്. വീതി കുറഞ്ഞ റോഡിലേക്ക് ഇരുഭാഗത്തുനിന്നും ഒരേസമയം ലോറിയും കാറും എത്തിയതാണ് അപകടത്തിന് ഇടയാക്കിയത്. സമീപത്തെ പെട്രോൾ ബങ്കിന് മുന്നിലും മറ്റൊരു കാർ നിയന്ത്രണം വിട്ട് ഇടിച്ചു തകർന്നു. ഇരു അപകടങ്ങളിലുമായി നാലുപേർക്ക് സാരമായി പരുക്കേറ്റു.
രാമനാട്ടുകര ഇടിമൂഴിക്കൽ മുതൽ വെങ്ങളം വരെയുള്ള ബൈപ്പാസിൽ നിർമാണ പ്രവൃത്തി തുടങ്ങിയിട്ട് രണ്ടുവർഷമായി. റോഡ് ആറുവരി പാതയാക്കുന്നതിനായി ഇരുവശങ്ങളിലും സ്ഥലമേറ്റെടുത്ത് നിലവിലെ ബൈപ്പാസിന്റെ ഭാഗങ്ങൾ ആഴത്തിൽ കീറി നിർമാണം നടത്തുന്നുണ്ടെങ്കിലും റോഡിലെ അറ്റകുറ്റപ്പണി നടത്താത്തതിനാൽ പൊട്ടിത്തകർന്നിരിക്കുകയാണ്.
2024ൽ ദേശീയപാത വികസനം പൂർത്തിയാക്കുമെന്നാണ് കരാറെടുത്ത കമ്പനി നൽകിയ ഉറപ്പ്. എന്നാൽ അതുവരെ ദുരിതയാത്ര തുടരണോയെന്നാണ് ജനത്തിന്റെ ചോദ്യം. തൊണ്ടയാട് മുതൽ പൂളാടിക്കുന്നുവരെയുള്ള ഭാഗമാണ് കൂടുതൽ അപകടകരം. റോഡിന്റെ ഇരുവശങ്ങളിലും വലിയ ഗർത്തങ്ങളാണ്. അപകട മുന്നറിയിപ്പായി കോൺക്രീറ്റ് കട്ടകൾ സ്ഥാപിച്ച് ചരട് കെട്ടിയിട്ടുണ്ടെങ്കിലും കാറ്റിലും മഴയിലും അവയെല്ലാം വീണതിനാൽ റോഡും കുഴിയും തിരിച്ചറിയാൻ കഴിയാത്ത സ്ഥിതിയാണ്.