പുറമേരി: പുറമേരി നിടിയ പാറയിൽ പാറക്കുളത്തിൽ മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ പഞ്ചായത്തും ആരോഗ്യവിഭാഗവും നടപടി തുടങ്ങി. സ്വകാര്യ വ്യക്തി മാലിന്യം നിക്ഷേപിക്കുന്നതായ പരാതിയിലാണ് നടപടി.
കഴിഞ്ഞദിവസം ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തിയിരുന്നു. പഴകിയ പ്ലാസ്റ്റിക് സഞ്ചികൾ, പഴയ കുപ്പികൾ, തൊണ്ടുകൾ, പ്ലാസ്റ്റിക് ഗ്ലാസ്, പ്ലേറ്റ്, തെങ്ങിൻ കുറ്റികൾ എന്നിവ പാറക്കുളത്തിൽ നിക്ഷേപിച്ചതായി കണ്ടെത്തി. രാത്രിയുലാണ് മാലിന്യം ലോറികളിലും മറ്റും കൊണ്ട് വന്ന് പാറക്കുളത്തിൽ നിക്ഷേപിക്കുന്നതെന്നും മാലിന്യത്തിന് ചാക്കിനു തുക ഈടാക്കിയാണ് പാറ കുളത്തിലേക്ക് കൊണ്ടുവരുന്നതെന്നും പരിസരവാസികൾ പറഞ്ഞു. മാലിന്യം ശാസ്ത്രീയമായി നീക്കി സംസ്‌കരിച്ചില്ലെങ്കിൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ ഉത്തരവിട്ടു. ഹെൽത്ത് ഇൻസ്‌പെക്ടർ സുരേന്ദ്രൻ കല്ലേരി, ഗ്രാമപഞ്ചായത്ത് ഉദ്യോഗസ്ഥരായ ജിതേഷ് സി.കെ, പ്രകാശൻ എ. കെ, അരുൺ രാജ്.യു .പി, എന്നിവർ നേതൃത്വം നൽകി. മാലിന്യം അലക്ഷ്യമായി നിക്ഷേപിക്കുന്ന വർക്കെതിരെയും പകർച്ചവ്യാധികൾ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ നടത്തുന്നവർക്കെതിരെയും ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് സെക്രട്ടറി എം.രാമചന്ദ്രനും, പുറമേരി ലോക്കൽ പബ്ലിക് ഹെൽത്ത് അതോറിറ്റി ഡോക്ടർ പ്രദോഷ് കുമാറും അറിയിച്ചു.