കോഴിക്കോട്: ആവിക്കൽ മലിനജല സംസ്കരണ പ്ലാന്റ് പദ്ധതിക്കെതിരായ സമരത്തെ നിയന്ത്രിക്കുന്നത് തീവ്രവാദികളാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനൻ.
കോഴിക്കോട് കോർപ്പറേഷന്റെ വികസന പ്രവർത്തനങ്ങൾ അക്രമ സമരത്തിലൂടെ തടസപ്പെടുത്തുന്ന യു.ഡി.എഫ്- എസ്.ഡി.പി.ഐ കൂട്ടുകെട്ടിനെതിരെ ആവിക്കലിന് സമീപം പുതിയകടവിൽ നടന്ന എൽ.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഈ തീവ്രവാദികളുടെ താത്പര്യത്തിനും നിർദേശത്തിനും അനുസരിച്ച് തങ്ങൾ കളിക്കേണ്ടതുണ്ടോ എന്ന കാര്യം കോൺഗ്രസിന്റെയും മുസ്ലീംലീഗിന്റെയും നേതൃത്വം ആലോചിക്കണം. കോഴിക്കോട് പാർലമെന്റംഗവും കൊടുവള്ളി എം.എൽ.എയും ഇതിന് ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യം മനസിൽവെച്ചാണ്. അത് മനസിൽതന്നെ വെച്ചാൽമതി. ആ പരിപ്പ് ഇവിടെ വേവില്ലെന്നും മോഹനൻ പറഞ്ഞു. കേരളത്തിലെ എല്ലാ വികസനത്തെയും എതിർക്കുന്ന നിലപാടാണ് യു.ഡി.എഫ് സ്വീകരിക്കുന്നത്. ജനങ്ങൾ തെറ്റിദ്ധരിച്ചിരിക്കുന്നത് പോലെ ഇവിടെ നാട്ടിലെ മുഴുവൻ മാലിന്യവും കൊണ്ടുവന്ന് സംസ്കരിക്കുകയല്ല. ഇവിടുത്തെ മാലിന്യം മാത്രമാണിവിടെ സംസ്കരിക്കുക. രാഘവനും മുനീറുമാണ് ഇവിടെ നുണയുടെ മാലിന്യം തള്ളുന്നത്.
മാലിന്യസംസ്കരണം പരമപ്രധാനമാണ്. കോഴിക്കോട് നഗരത്തിൽ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ഈ തീരപ്രദേശത്ത് ഇങ്ങനെയൊരു പ്ലാന്റ് സ്ഥാപിക്കേണ്ടത് അത്യാവശ്യമാണ്. ജനങ്ങളെ കുറ്റപ്പെടുത്തുന്നില്ല.
പദ്ധതിയുടെ യഥാർത്ഥവശം രാഘവനും മുനീറിനും ബോദ്ധ്യപ്പെട്ട് വരുമ്പോഴേക്കും കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും ഫണ്ട് സമയം കഴിഞ്ഞ് തിരിച്ചെടുത്ത് പദ്ധതി ഉപേക്ഷിക്കേണ്ടി വരും. പദ്ധതിയ്ക്കാവശ്യമായ എല്ലാ അനുമതികളും കോർപ്പറേഷൻ നേടിക്കഴിഞ്ഞതാണ്. ഇത് ജനങ്ങളെ സഹായിക്കാനാണെന്ന് മനസിലാക്കണം.
ബി.ജെ.പി ഇതിന് കൂട്ടുനിൽക്കുന്നില്ല എന്നത് സന്തോഷകരമാണ്. പദ്ധതിയുടെ യാഥാർത്ഥ്യവും ആവശ്യവും ഇതിനകത്തെ തീവ്രവാദികളുടെ പങ്കും ബോദ്ധ്യമായതു കൊണ്ടാണ് അവർ ഇതിന് കൂട്ടുനിൽക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കോർപ്പറേഷൻ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.നാസർ അദ്ധ്യക്ഷത വഹിച്ചു. എൽ.ജെ.ഡി നേതാവ് പ്രേം ഭാസിൻ, എൻ.സി.പി നേതാവ് അഡ്വ. എം.പി സൂര്യനാരായണൻ, എ.പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം പി.നിഖിൽ സ്വാഗതം പറഞ്ഞു.