കൊയിലാണ്ടി: ബ്രിട്ടീഷുകാരെ വിറപ്പിച്ച ക്വിറ്റ് ഇന്ത്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾക്ക് ഇന്ന് 80 വർഷം തികയുമ്പോൾ ചേമഞ്ചേരിക്കും പറയാനുണ്ട് ചില ഒളിമങ്ങാത്ത സമര ചരിത്രം.
1942 -ഓഗസ്റ്റ് 8 നാണ് ബോംബെയിൽ ചേർന്ന കോൺഗ്രസ് സമ്മേളനത്തിൽ ക്വിറ്റ് ഇന്ത്യാ പ്രമേയം പാസ്സാക്കുന്നത്. തുടർന്ന് മഹാത്മാ ഗാന്ധി ഉൾപ്പെടെയുള്ള മുതിർന്ന ദേശീയ നേതാക്കൾ അറസ്റ്റിലായി. ഇതിനോടുള്ള പ്രതികരണമെന്ന നിലയിലാണ് ഓഗസ്റ്റ് 19 ന് മലബാറിലെ ബ്രിട്ടീഷ് ഭരണത്തെ നടുക്കിയേ ചേമഞ്ചേരി സമരം അരങ്ങേറിയത്. ഒറ്റ രാത്രി കൊണ്ട് ചേമഞ്ചേരി റജിസ്ട്രാർ ഓഫീസ്, തിരുവങ്ങൂർ അംശ കച്ചേരി റെയിൽവേ ഹൾട്ട് സ്റ്റേഷൻ എന്നിവ കത്തിയമർന്നു. പ്രക്ഷോഭകാരികൾ മണ്ണെണ്ണ, കമ്പിപ്പാര , മഴു, കൊടുവാൾ തുടങ്ങിയ ആയുധങ്ങളുമായാണ് വിധ്വംസക പ്രവർത്തനത്തിനെത്തിയത്.
സംഭവം ബ്രിട്ടീഷ് ഭരണകൂടത്തെ ഞെട്ടിച്ചു. തുടർന്ന് പ്രക്ഷോഭകാരികൾക്കെതിരെ ക്രൂരമായ അക്രമണങ്ങളാണ് ബ്രിട്ടീഷുകാർ അഴിച്ചുവിട്ടത്.കരോളി നാരായണൻ നായർ , നങ്ങാർ കണ്ടി ചന്തു , കെ.വി.ഗോവിന്ദൻ കിടാവ് , മേലേടത്ത് അപ്പു നായർ തുടങ്ങിയവർക്ക് ഭീകരമർദ്ദനമേൽക്കേൃണ്ടി വന്നു. അറിയുന്നവരും അല്ലാത്തവരുമായ നിരവധി പേർ സമരത്തിൽ പങ്കാളികളായി. ബോംബെയിൽ നിന്ന് നാട്ടിലെത്തിയ കുറത്തിശാലയിൽ മാധവൻ നായരായിരുന്നു പ്രക്ഷോഭത്തിന്റെ മുഖ്യ ആസൂത്രകൻ.
സമരത്തിന്റെ കെടാത്ത തീജ്വാലകൾ ഇപ്പോഴും ചേമഞ്ചേരി റജിസ്ട്രാർ ഓഫീസിന്റെ പഴയ
കെട്ടിടത്തിൽ അലയടിക്കുന്നുണ്ട്. സ്വാതന്ത്ര്യനന്തരമാണ് ചേമഞ്ചേരി പഞ്ചായത്ത് ഭരണ സമിതി ചേമഞ്ചേരിയിൽ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പണിയുന്നത്. ഇതേ സമയത്ത് തന്നെയാണ് കീഴരിയൂരിൽ ബോംബ് സ്ഫോടനം നടത്തി ബ്രിട്ടീഷ് സാമാജ്യത്തെ വെല്ല് വിളിച്ചതും. സമരത്തിന്റെ മുഖ്യ ആസൂത്രകൻ സോഷ്യലിസ്റ്റായ ഡോക്ടർ കെ.ബി.മേനോനായിരുന്നു. മലബാറിൽ നടന്ന രണ്ട് പ്രധാന സംഭവങ്ങളുടേയും ആസൂത്രകർ കോൺഗ്രസ്സിനകത്തെ സോഷ്യലിസ്റ്റ് ഗ്രൂപ്പായിരുന്നു.
ഇത്തവണ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സി.പി.എം ഉം കോൺഗ്രസ് കീഴരിയൂരും ചേമഞ്ചേരിയും കേന്ദ്രമാക്കി വലിയ പ്രചരണ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.