avikkal
ഡെമോക്രാറ്റിക് ഡയലോഗ് ഫോറം കേരളയുടെ ആഭിമുഖ്യത്തിൽ അഭിഭാഷകർ അടങ്ങുന്ന വസ്തുതാന്വേഷണ സംഘം ആവിക്കൽ തോടിലെത്തിയപ്പോൾ അഡ്വ. പി.എ പൗരൻ വിവരങ്ങൾ ശേഖരിക്കുന്നു.

കോഴിക്കോട്: ആവിക്കൽ മലിനജല സംസ്ക്കരണ പ്ലാന്റ് വരുന്ന സമരപ്രദേശത്തേക്ക് നിയമജ്ഞർ, സാങ്കേതിക വിദഗ്ദ്ധർ, സാമൂഹിക പ്രവർത്തകർ എന്നിവരടങ്ങുന്ന സംഘം വസ്തുതാന്വേഷണ സംഘയാത്ര നടത്തി.

ഇന്നലെ രാവിലെ കിഡ്‌സൺ കോർണറിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ഇവർ പദ്ധതി പ്രദേശം സന്ദർശിക്കുകയും നാട്ടുകാരുമായി സംസാരിക്കുകയും ചെയ്തു. പ്ലാനിനെക്കുറിച്ചുള്ള സർക്കാർ, കോർപ്പറേഷൻ നിലപാട് എന്താണെന്നും പ്രദേശവാസികളുടെ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാനുമാണ് എത്തിയതെന്ന് മനുഷ്യാവകാശപ്രവർത്തകനും അഭിഭാഷകനുമായ അഡ്വ.പി.എ പൗരൻ പറഞ്ഞു. ആവിക്കൽ ഹാർബറിന്റെ പ്രവർത്തനത്തെ പ്ലാന്റ് എങ്ങനെ ബാധിക്കും, ജനവാസമുള്ള തീരപ്രദേശത്ത് ഇത്തരം പ്ലാന്റുകൾ 500 മീറ്റർ ദൂരപരിധിക്കപ്പുറം പ്രവർത്തിപ്പിക്കണമെന്ന നിയമം പാലിച്ചിട്ടുണ്ടോ എന്നീ കാര്യങ്ങളും സംഘം പരിശോധിക്കും.

അഭിഭാഷകരായ കുമാരൻകുട്ടി, സാബി ജോസഫ്, ജോണി സെബാസ്റ്റ്യൻ, പ്രദീപ് കുതിരോട്, സുധാകരൻ കൊയിലാണ്ടി, ശങ്കരൻ വടകര തുടങ്ങിയവർ പങ്കെടുത്തു. വി.പി സുഹറ, അംബിക മറുവാക്ക്, ഡോ. കെ.എൻ അജോയ്‌കുമാർ, ഒ.പി രവീന്ദ്രൻ, ദിവാകരൻ കെ.പി, പ്രകാശൻ കെ.പി, വിജയകുമാർ കുന്നത്തൂർ, രാധാകൃഷ്ണൻ എം,വി, കരുണാകരൻ പി.ടി, ഹരിദാസ് ടി,നാരായൺ വട്ടോളി, എം.പി കുഞ്ഞികണാരൻ, വത്സരാജ് കെ, അഖിൽകുമാർ എ.എം,സുധ കൊയിലാണ്ടി, ശ്രീകുമാർ നിയതി എന്നിവരും പങ്കെടുത്തു.