കോഴിക്കോട് : ചാലിയാറിന്റെ ഓളപ്പരപ്പിൽ ഇനി കയാക്കിംഗ് ആരവം. എട്ടാമത് മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി 12,13,14 ദിവസങ്ങളിൽ നടക്കുന്ന വൈറ്റ് വാട്ടർ കയാക്കിംഗ് മത്സരത്തിൽ അന്താരാഷ്ട്ര ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട കയാക്കർമാർ അണിനിരക്കും. മുൻവർഷം നടന്ന കയാക്കിംഗ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ റഷ്യയുടെ ഇവാൻ ഇത്തവണയും മത്സരത്തിനുണ്ടാവും. റഷ്യൻ നാഷണൽ വൈറ്റ് വാട്ടർ കയാക്കിംഗ് താരമായ ഇവാൻ വിവിധ അന്താരാഷ്ട്ര മത്സരങ്ങളിൽ വിജയിയാണ്.
ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട വനിതാ കയാക്കർമാരായ 17 വയസുകാരി പ്രിയങ്ക റാണ, 22കാരി നൈന അധികാരി എന്നിവർ തുഷാരഗിരിയിൽ നടക്കുന്ന കയാക്കിംഗ് മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ഗംഗ റിവർ ഫെസ്റ്റിവൽ പോലുള്ള വിവിധ കയാക്കിംഗ് മത്സരങ്ങളിൽ വിജയിച്ചിട്ടുള്ളവരാണ് ഇരുവരും. കോഴിക്കോട് ജെല്ലിഫിഷ് വാട്ടർ സ്‌പോർട്‌സ് ആണ് മൂവരെയും സ്‌പോൺസർ ചെയ്യുന്നത്.
മത്സരവുമായി ബന്ധപ്പെട്ട് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ്, ലിന്റോ ജോസഫ് എംഎൽഎ, ജില്ലാ കലക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി എന്നിവരുടെ നേതൃത്വത്തിൽ വലിയ സജ്ജീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇതിനോടകം 40ലേറെ കയാക്കർമാർ മത്സരത്തിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്ന് മുതൽ കോടഞ്ചേരിയിലെ ഹോട്ടൽ തുഷാര ഇന്റർനാഷണലിൽ സ്‌പോട്ട് രജിസ്‌ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രമോഷൻ സൊസൈറ്റി, ജില്ലാ പഞ്ചായത്ത്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ കോഴിക്കോട്, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിംഗ് അസോസിയേഷനുമായി ചേർന്നാണ് അന്തർ ദേശീയ കയാക്കിംഗ് മത്സരം സംഘടിപ്പിക്കുന്നത്.
കയാക്കിംഗിൽ പുലിക്കയം സ്റ്റാർട്ടിംഗ് പോയിന്റും ഇലന്തുകടവ് എൻഡിംഗ് പോയിന്റുമാണ്. കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകൾ സംയുക്തമായാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി കയാക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളുണ്ടാകും.
താല്പര്യമുള്ളവർക്ക് https://www.keralaadventure.org/malabar-river-festival എന്ന വെബ്‌സൈറ്റ് മുഖേന രജിസ്റ്റർ ചെയ്യാം.