നാദാപുരം: നരിപ്പറ്റ പഞ്ചായത്തിലെ വിലങ്ങാട് മലയോര മേഖലയിൽ ഇന്നലെ രാവിലെ ഏഴര മണിയോടെ വീശിയടിച്ച ചുഴലിക്കാറ്റിൽ വ്യാപക നാശനഷ്ടം. വിലങ്ങാട് വാളുക്ക് മേഖലയിലാണ് ഇന്നലെ രാവിലെ ഏഴര മണിയോടെ അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചത്. ഇന്ദിരാനഗർ, വാളൂക്ക് പ്രദേശങ്ങളിലാണ് കൂടുതൽ നാശനഷ്ടം. പറമ്പുകളിലെ മരങ്ങൾ കടപുഴകിയും ഒടിഞ്ഞും വീടുകൾക്ക് മുകളിലും റോഡുകളിലും വീണു. വീടുകൾക്ക് കേടുപാടുകൾ പറ്റി. ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനുകൾ തകർന്നു.
ചുഴലിക്കാറ്റിനെ തുടർന്ന് വ്യാപക കൃഷി നാശമുണ്ടായി. ഏകദേശം പത്ത് ഏക്കറോളം ഭൂമിയിലെ കൃഷി നശിച്ചിട്ടുണ്ട്. തെങ്ങ്, കവുങ്ങ്, റബർ മുതലായവ കടപുഴകിയും ഒടിഞ്ഞും വീണു നശിച്ചു. ഏകദേശം പത്തുലക്ഷം രൂപയുടെ കൃഷിനാശം സംഭവിച്ചതായി കർഷകർ പറഞ്ഞു. നാല് വീടുകൾക്കും നിരവധി വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു. വീടുകൾക്ക് മുകളിലേക്കും റോഡിലേക്കും മരങ്ങൾ കടപുഴകി വീണു. റബർ കൃഷി വ്യാപകമായുള്ള പ്രദേശത്തുണ്ടായ ചുഴലിക്കാറ്റിൽ മിക്ക മരങ്ങളും ഒടിഞ്ഞു വീണു നശിച്ചു. പ്രദേശത്ത് വീടുകൾ കുറവായതിനാൽ മറ്റ് നാശനഷ്ടങ്ങൾ കുറവാണ്.
ചിലബിക്കുന്നേൽ ജോയി (അഗസ്റ്റ്യൻ) കൊച്ചു പറമ്പിൽ രാജു , കൊച്ചു പറമ്പിൽ ജോസ് , വടക്കേമുറി ബിജു, വി. മാണി, അപ്പച്ചൻ എന്നിവർക്കാണ് കനത്തനഷ്ടം സംഭവിച്ചത്. അതേസമയം
വിലങ്ങാട് പുഴയിൽ ജലനിരപ്പുയർന്നത് നാട്ടുകാരെ ഭീതിയിലാക്കി. മലയോരത്ത് ഉരുൾ പൊട്ടലുണ്ടായി എന്ന ഭീതിയിലായിരുന്നു എല്ലാവരും. കഴിഞ്ഞ രണ്ടു ദിവസങ്ങളായി പ്രദേശത്ത് മഴ കുറവായതിൽ ആശ്വസിച്ചിരിക്കുന്നതിനിടയിലാണ് രാവിലെ പൊടുന്നനെ ചുഴലിക്കാറ്റുണ്ടായത്. റവന്യൂ, പഞ്ചായത്ത് അധികൃതർ സംഭവസ്ഥലം സന്ദർശിച്ചു. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് തുടരുകയാണ്.