kunnamangalam-news
പാലക്കാടി അങ്ങാടി റോഡ് വികസനത്തിന് മുമ്പ്.

കുന്ദമംഗലം: റോഡ് വികസനം ഒരു ഗ്രാമത്തെ മാറ്റിമറിച്ചതെങ്ങനെയെന്ന ചോദ്യത്തിന് ഉത്തരമാണ് ചാത്തമംഗലം പാലക്കാടി റോഡ്. രണ്ട് വർഷം മുമ്പുവരെ ഒന്നോ രണ്ടോ കടകൾ മാത്രമുള്ള ഒരു ചെറിയ അങ്ങാടിയുടെ മുഖം പാടോ മാറിയിരിക്കുകയാണ്. കാട് പിടിച്ച വളരെ വീതികുറഞ്ഞ ഗ്രാമീണ റോഡിന് പകരം വൻ നഗരത്തെ അനുസ്മിപ്പിക്കുന്ന വലിയ ഹൈടെക് റോഡാണ് രണ്ട് വർഷം കൊണ്ട് പൂർത്തിയായത്. റോഡ് പണിക്കിടെ ഒട്ടനവധി വിവാദങ്ങളും തലപൊക്കിയിരുന്നെങ്കിലും ഈ റോഡ് ജില്ലയിലെ ഏറ്റവും മികച്ച പാതയായി മാറിയതോടെ വിവാദങ്ങളും പത്തിതാഴ്ത്തുകയായിരുന്നു. റോഡിലേക്ക് പ്രവേശിക്കാൻ ചെറിയ പഞ്ചായത്ത് റോഡുകളുമുണ്ട്.

റോഡിന്റെ ഇരുഭാഗത്തുമുള്ള ഓവുചാലുകളുടെ പ്രവൃത്തി ഏതാണ്ട് പൂർത്തിയായി വരികയാണ്. ടാറിംഗിനും ഓവുചാലുകൾക്കുമിടയിലുള്ള സ്ഥലത്ത് പലയിടങ്ങളിലും ഇന്റർലോക്കും പാകിയിട്ടുണ്ട്. റോഡിൽ വൈറ്റ് മാർക്കിംഗ് നടത്തി റിഫ്ലക്ടിംഗ് സ്റ്റഡും പതിച്ചുകഴിഞ്ഞു. ആധുനിക രീതിയിലുള്ള തെരുവ് വിളക്കുകളും കൂടി സ്ഥാപിച്ചുകഴിഞ്ഞാൽ റോഡ് കൂടുതൽ മനോഹരമാകും. ചാത്തമംഗലം മുതൽ പാലക്കാടി വരെ 3.4 കിലോമീറ്റർ റോഡാണ് ബി.എം.ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 2020 ജൂണിലാണ് പ്രവൃത്തി ആരംഭിച്ചത്. പി.ടി.എ.റഹീം എംഎൽഎ മുൻകൈയ്യെടുത്താണ് റോഡിന് ഏഴുകോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയത്. കോഴിക്കോട് നിന്ന് എംവിആർ ക്യാൻസെന്റർ, കുന്ദമംഗലത്ത്നിന്ന് മാവൂർ, അരീക്കോട് എന്നീ സ്ഥലങ്ങളിലേക്കുള്ള എളുപ്പമാർഗ്ഗമാണിത്. റോഡ് പ്രവൃത്തി പൂർത്തിയായതോടെ പാലക്കാടിക്ക് പുറമെ നെച്ചൂളി, വേങ്ങേരി മഠം എന്നീ ചെറിയ അങ്ങാടികളും വികസനത്തിന്റെ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്.

ചാത്തമംഗലം മുതൽ പാലക്കാടി വരെ 3.4 കിലോമീറ്റർ റോഡാണ് നവീകരിച്ചിട്ടുള്ളത്.

ഏഴുകോടി രൂപയുടെ നവീകരണം