കോഴിക്കോട്: ചാത്തുണ്ണി മാസ്റ്റർ കേരളത്തിലെ ആദ്യത്തെ നവചിന്തകനായ കമ്മ്യൂണിസ്റ്റാണെന്ന് സി.എം.പി സംസ്ഥാന ജനറൽ സെക്രട്ടറി സി.പി. ജോൺ പറഞ്ഞു. കോഴിക്കോട് കെ.പി. കേശവമേനോൻ ഹാളിൽ സി.എം.പി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചാത്തുണ്ണി മാസ്റ്റർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എം.വി. രാഘവൻ ഉയർത്തിയ കൊടുങ്കാറ്റിനെ പാർട്ടിയാക്കി മാറ്റിയതിൽ ചാത്തുണ്ണി മാസ്റ്ററുടെ പങ്ക് വളരെ വലുതാണ്. ഈ അടിത്തറയാണ് സി.എം.പിയുടെ കരുത്ത്. കോൺഗ്രസ് വിരുദ്ധ രാഷ്ട്രീയത്തിന് പ്രസക്തിയില്ലെന്ന് വർഷങ്ങൾക്ക് മുമ്പ് തന്നെ മനസിലാക്കിയ നേതാവായിരുന്നു ചാത്തുണ്ണി മാസ്റ്ററെന്നും ഫാസിസ്റ്റ് വിരുദ്ധ, സ്റ്റാലിനിസ്റ്റ് വിരുദ്ധ മതേതര രാഷ്ട്രീയമാണ് സി.എം.പിയുടേതെന്ന് അദ്ദേഹം പറഞ്ഞു. സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജി. നരായണൻകുട്ടി അദ്ധ്യക്ഷത വഹിച്ചു. ചൂരായി ചന്ദ്രൻ ചാത്തുണ്ണി മാസ്റ്ററെ അനുസ്മരിച്ചു. സി.എം.പി. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.എൻ. വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി അഷറഫ് മണക്കടവ്, സംസ്ഥാന കൗൺസിൽ അംഗം എൻ.പി. അബ്ദുൾ ഹമീദ്, ജില്ല ജോ. സെക്രട്ടറി ചാലിൽ മൊയ്തീൻകോയ എന്നിവർ പ്രസംഗിച്ചു.