തിരുവമ്പാടി: എസ്റ്റേറ്റ് തൊഴിലാളികളുടെ അനിശ്ചിതകാല സമരം ആറു ദിവസം പിന്നിട്ട സാഹചര്യത്തിൽ കൂടുതൽ ശക്തിപ്പെടുത്താൻ സമരസമിതി തീരുമാനം.സി.ഐ.ടി.യു, ഐ.എൻ.ടി.യു.സി, ഐ.എൻ.എൽ.സി, ബി.എം.എസ്.യൂണിയനുകളാണ് പണിമുടക്കിന് നേതൃത്വം നൽകുന്നത്. സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ തൊഴിലാളികൾ താമസിക്കുന്ന ലയങ്ങളിൽ ജലവിതരണം മുടക്കിയതായി തൊഴിലാളികൾ ആരോപിച്ചു. ലേബർ ഓഫീസർ മുഖാന്തരം 2019 ൽ ഒപ്പുവച്ച കരാർ പാലിക്കുക, തൊഴിലാളികൾക്ക് നൽകുന്ന ഞായറാഴ്ച അവധി പുന:സ്ഥാപിക്കുക, 240 തൊഴിൽ ദിനങ്ങൾ തികഞ്ഞ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുക , രാസ പദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്ന ഫാക്ടറി തൊഴിലാളികൾക്ക് ആരോഗ്യ സൂരക്ഷ ഉറപ്പാക്കുക ,2021 ആഗസ്ത് 15 ന്റെ ഒഴിവുദിന വേതനം നൽകുക, തൊഴിലാളികളുടെ തടഞ്ഞുവച്ച എച്ച്.ആർ.എ നൽകുക, 300ലധികം തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ ആംമ്പുലൻസ് സൗകര്യം ഏർപ്പെടുത്തുക തുടങ്ങിയവയാണ് തൊഴിലാളികൾ ഉന്നയിക്കുന്ന ആവശ്യങ്ങളിൽ പ്രധാനം. സമരത്തിന് അനുഭാവം പ്രകടിപ്പിച്ചും പിന്തുണ അറിയിച്ചും ഇതിനകം പല രാഷ്ട്രീയ കക്ഷികളും യുവജന സംഘടനകളും രംഗത്തുവന്നുകഴിഞ്ഞു .ഇന്നലെ ചേർന്ന സമരസമിതി യോഗത്തിൽ കെ.റഫീഖ് അദ്ധ്യക്ഷത വഹിച്ചു.കെ.പ്രഹ്ളാദൻ, കെ.പി രാജേഷ്, ടി.വിനോദ് ,ടി.പി.അബ്ദുൽ ജബ്ബാർ, ബഷീർ കല്ലുരുട്ടി എന്നിവർ പ്രസംഗിച്ചു.