മുക്കം: അടിസ്ഥാന സൗകര്യങ്ങളില്ലാതെ പാലിയേറ്റീവ് പരിചരണം മുടങ്ങിയതോടെ രോഗികൾ ദുരിതത്തിൽ.
ആവശ്യത്തിന് നഴ്സുമാരില്ല, വാഹനമില്ല, കിടപ്പു രോഗികൾക്ക് പരിചരണവുമില്ലാതായതോടെയാണ് കാരശ്ശേരി പഞ്ചായത്തിലെ നൂറിലേറെ കിടപ്പു രോഗികൾ നരകയാതന അനുഭവിക്കുന്നത്. ഭവന സന്ദർശനത്തിന് വാഹനമില്ലാത്തതിനാലാണ് നഴ്സ് വരാത്തത്. നഴ്സും വാഹനവും ഇല്ലാത്തതാണ് ഹോം കെയർ മുടങ്ങാൻ ഇടയാക്കിയത്. കുടുംബാരോഗ്യ കേന്ദ്രവും പഞ്ചായത്തും തമ്മിലുള്ള തർക്കമാണോ കുടുംബാരോഗ്യകേന്ദ്രത്തിനു കീഴിൽ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പാലിയേറ്റീവ് പ്രവർത്തനം മുടങ്ങാൻ ഇടയാക്കിയത് എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.
ഇരുനൂറിലധികം കിടപ്പു രോഗികൾ ഉൾപ്പടെ നാനൂറിലേറെ രോഗികൾക്ക് ആശ്വാസമായിരുന്ന കാരശ്ശേരി പഞ്ചായത്ത് പാലിയേറ്റീവ് പ്രവർത്തനം നിലച്ചിട്ട് മാസങ്ങളായി. മലമൂത്ര വിസർജ്ജനത്തിനും ഭക്ഷണത്തിനും പരാശ്രയം ആവശ്യമായ രോഗികൾ നിരവധിയാണ്. ഇവരുടെ ട്യൂബുകൾ മാറ്റിയിടാൻ പോലും നഴ്സുമാർ ഇല്ലാതെ പറ്റില്ല. സന്നദ്ധ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയുടെ സേവനമാണ് ഇപ്പോൾ രോഗികൾക്ക് നേരിയ ആശ്വാസം നൽകുന്നത്. കഴിഞ്ഞ ഏപ്രിൽ വരെ സേവനം ചെയ്ത നഴ്സ് മുൻകൂട്ടി വിവരം നൽകിയ ശേഷം സേവനം മതിയാക്കി മേയ് ആദ്യത്തിൽ ഗൾഫിൽ ജോലി തേടി പോയി. എന്നാൽ ജൂണിലാണ് പഞ്ചായത്ത് മറ്റൊരു നഴ്സിന് അപേക്ഷ ക്ഷണിച്ചത്. ജൂലായിൽ ചുമതലയേറ്റ ഈ നഴ്സാവട്ടെ അപകടത്തിൽ പരിക്കേറ്റ് അവധിയിൽ പോവുകയും ചെയ്തു. ഇടയ്ക്ക് താൽക്കാലികമായി ഒരു നഴ്സിന്റെ സേവനം വല്ലപ്പോഴും ലഭിച്ചിരുന്നെങ്കിലും വാഹനം ഇല്ലാതായതോടെ അതും നിലച്ചു. അടുത്ത കാലത്ത് പ്രവർത്തനമാരംഭിച്ച ആശ്വാസ് പാലിയേറ്റീവ് സൊസൈറ്റിയും മുക്കം ഗ്രെയ്സ് പാലിയേറ്റീവ് കെയർ ക്ലിനിക്കും നടത്തുന്ന ഹോം കെയർ സേവനം വൈകുകയോ മുടങ്ങുകയോ ചെയ്താൽ കാരശ്ശേരി പഞ്ചായത്തിലെ കിടപ്പു രോഗികൾ നരകത്തിലായതു തന്നെ.