കോഴിക്കോട് : ബാലുശ്ശേരി- കോഴിക്കോട് റോഡ് വികസനവുമായി ബന്ധപ്പെട്ടുള്ള നടപടികൾ വേഗത്തിലാക്കാൻ വനം മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡ് വികസനവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന അവലോകന യോഗത്തിലാണ് നിർദ്ദേശം. കച്ചേരി, വേങ്ങേരി, കക്കോടി, ചേളന്നൂർ, കാക്കൂർ, നന്മണ്ട, ശിവപുരം, പനങ്ങാട് സ്‌ട്രെച്ചുകളിലെ സൈറ്റ് ഇൻസ്‌പെക്ഷനും വാല്യേഷൻ നടപടികളും വേഗത്തിൽ പൂർത്തിയാക്കാൻ ഉദ്യോഗസ്ഥരോട് മന്ത്രി ആവശ്യപ്പെട്ടു. ആഗസ്റ്റ് 27നകം പ്രവർത്തന പുരോഗതി സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് സമർപ്പിക്കാനും നിർദ്ദേശമുണ്ട്.
കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ എ.ഡി.എം സി.മുഹമ്മദ് റഫീഖ്, ഡെപ്യൂട്ടി കളക്ടർ പി. പി ശാലിനി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.