news
കാവിലുംപാറയിലെ കമുങ്ങ് കർഷകൻ

കുറ്റ്യാടി: കവുങ്ങിൻ തോട്ടങ്ങളിൽ വ്യാപകമാവുന്ന രോഗങ്ങളും പരമ്പരാഗത തൊളിലാളികളുടെ എണ്ണത്തിലുണ്ടായ കുറവും മലയോര മേഖലയിലെ കവുങ്ങ് കർഷകരെ പ്രതിസന്ധിയിലാക്കുന്നു. തൊഴിലാളികളെ കിട്ടാനില്ലാതായതോടെ വിളവെടുപ്പും പരിപാലനവും നിലച്ചതോടെ ഭൂരിഭാഗം കർഷകരും കൃഷി പാടെ ഉപേക്ഷിക്കുകയാണ്. പുതുതായി ആരുംതന്നെ കവുങ്ങ് വെച്ചുപിടിപ്പിക്കാൻ മുന്നോട്ടുവരുന്നില്ല. കുടിയേറ്റ കാലം മുതൽ മലയോര മേഖലയിലെ മറ്റ് കാർഷിക വിളകൾക്കൊപ്പം കവുങ്ങ് കൃഷിയും ജില്ലയിൽ സജീവവമായിരുന്നു. മലയോര മേഖലയിലെ കർഷകരുടെ പ്രധാന വരുമാനവും കവുങ്ങ് കൃഷിയായിരുന്നു.

തൊഴിലാളികൾ ഇല്ലാതായതോടെ കൃത്യസമയത്തുള്ള കൃഷി പരിപാലനവും വിളവെടുപ്പും ഇല്ലാതായി. പരിപാലനം നിലച്ചതോടെ കവുങ്ങ് കൃഷിക്ക് കീടശല്യവും മഹാളി പോലുള്ള രോഗ ബാധയും രൂക്ഷമാകുകയും കൂമ്പുകൾ കരിഞ്ഞുണങ്ങുകയും വേരുകൾ ചീയുന്നതും സർവസാധാരണമായി. പരമ്പര്യ കൃഷിരീതികളിൽ നിന്നും വ്യത്യസ്ഥമായി വന്ന പുതിയ ഇനം കവുങ്ങുകൾ വ്യാപകമായി കൃഷി ചെയ്യാൻ പറ്റാതായി. ഇത്തരം കവുങ്ങുകളുടെ ആയുസ്‌പോലും ചെറിയ സമയങ്ങൾ മാത്രമായിരിക്കുന്നതും കർഷകർക്ക് കൃഷിയോടുള്ള സമീപനം തന്നെ മാറ്റാൻ ഇടയായി. കുറ്റ്യാടി,​ മരുതോങ്കര, കായക്കൊടി,കാവിലുംപാറ, വേളം' കുന്നുമ്മൽ തുടങ്ങിയ പ്രദേശങ്ങളിലെ നൂറ് കണക്കിന് കവുങ്ങ് കർഷകരാണ് ആശങ്കയിൽ കഴിയുന്നത്.

കഴിഞ്ഞ ദിവസം പഴുത്ത അടയ്ക്ക കിലോഗ്രാമിന് 200 ൽ അധികം രൂപയായിരുന്നത് നിലവിൽ 145 ലേക്ക് കൂപ്പ് കുത്തി. കൊട്ടടയ്ക്ക കിലോഗ്രാമിന് 350,360 തോതിലാണ്. ഒരു കിലോ അടയ്ക്ക ഉരിക്കാൻ മുപ്പത് രൂപ വേണം. കവുങ്ങ് ഒന്നിന് കയറ്റക്കൂലി നാൽപ്പത് രൂപയും. എല്ലാ കവുങ്ങി ൽ നിന്നും ആവശ്യമായ വിളയും ലഭിക്കണമെന്നില്ല. 400 രൂപ കിട്ടിയാൽ പോലും കർഷകന് മുതൽ ലഭിക്കാത്ത അവസ്ഥയാണ്. ഒരു കിലോ കൊട്ടയ്ക്കയിൽ കർഷകന് ലഭിക്കുന്നത് ഒന്നോ രണ്ടോ രൂപ മാത്രമാണ്.