താമരശ്ശേരി: പുതുപ്പാടി കൈതപ്പൊയിലിൽ കുന്നിടിക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ രണ്ടുപേർക്ക് കുത്തേറ്റു. വെസ്റ്റ് കൈതപോയിൽ സ്വദേശികളായ ഇക്ബാൽ, ഷമീർ ബാബു എന്നിവർക്കാണ് കുത്തേറ്റത്. വെസ്റ്റ് കൈതപ്പൊയിൽ കല്ലടിക്കുന്ന് ദാസനാണ് കുത്തിയത്. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ദാസന്റെ സഹോദരൻ വിജയന്റെ വീടിനോട് ചേർന്ന സ്ഥലത്തുനിന്ന് മണ്ണെടുക്കുന്നത് വിജയൻ തടഞ്ഞിരുന്നു. സ്ഥലത്തെത്തിയ ദാസനും വിജയനും തമ്മിൽ കയ്യാങ്കളിയുണ്ടായി. ഇതറിഞ്ഞാണ് ഇക്ബാലും ഷമീർ ബാബുവും സ്ഥലത്തെത്തിയത്. ഈ സമയം ദാസൻ വീട്ടിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇവരെ കണ്ടതോടെ പുറത്തെത്തിയ ദാസൻ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്ന് പരിക്കേറ്റവർ പറഞ്ഞു. ഷമീർ ബാബുവിന് വയറിനും ഇക്ബാലിന് പുറത്തുമാണ് കുത്തേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ താമരശ്ശേരി പൊലീസ് കേസെടുത്തു.