@ സ്പെഷ്യൽസ്ക്വാഡ് രൂപീകരിച്ചു
കോഴിക്കോട്: ഓണം സീസണോടനുബന്ധിച്ച് വിപണിയിലെത്തുന്ന ഭക്ഷ്യ ഉത്പന്നങ്ങളുടെ ഗുണ മേന്മ പരിശോധിക്കാൻ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിച്ച് ഭക്ഷ്യസുരക്ഷാവകുപ്പ്. സീസൺ ആയതിനാൽ വലിയ രീതിയിലുള്ള ഇറക്കുമതി ഉണ്ടാകുന്നതിനാൽ മായം ചേർക്കാനുള്ള സാദ്ധ്യത മുന്നിൽകണ്ടാണ് സ്ക്വാഡ് രൂപീകരിച്ച് പരിശോധന ശക്തമാക്കാൻ കാരണം.
ഈ മാസം 29 മുതൽ സെപ്തംബർ 11 വരെയാണ് സ്പെഷ്യൽ സ്ക്വാഡ് പരിശോധനകളുണ്ടാവുക. ഭക്ഷ്യ സുരക്ഷാ ആക്ടിന് വിരുദ്ധമായി സാധനങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടികളെടുക്കാനാണ് വകുപ്പ് നിർദേശം. ലൈസൻസ് ഇല്ലാത്തവർക്കെതിരെയും രജിസ്റ്റർ ചെയ്യാത്തവർക്കെതിരെയും നടപടികളെടുക്കും. ലേബൽ വിവരങ്ങൾ പൂർണമായിട്ടല്ലാതെ വിൽപ്പനയ്ക്ക് വെച്ചിരിക്കുന്ന ഭക്ഷ്യവസ്തുക്കളും പരിശോധനയ്ക്ക് വിധേയമാക്കും.
രണ്ട് അംഗങ്ങളുള്ള മൂന്ന് സ്ക്വാഡുകൾ വീതമാണ് പരിശോധന നടത്തുക. ഓണം സീസണിൽ കൂടുതലായും വിറ്റുപോകുന്ന പാൽ, പായസകിറ്റ്, ശർക്കര, വെളിച്ചണ്ണ, പപ്പടം, നെയ്യ്, അരി, പച്ചക്കറികൾ, പഴങ്ങൾ എന്നിവയ്ക്കാകും പ്രധാനമായും പരിശോധന ഉണ്ടാവുക. ഭക്ഷ്യ നിർമാണ കേന്ദ്രങ്ങളിലും മാർക്കറ്റുകളിലും ബേക്കറികളിലും ഹോട്ടലുകളിലും പരിശോധന നടത്തും. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നീ അയൽസംസ്ഥാനങ്ങളിൽ നിന്നുമാണ് വലിയരീതിയിൽ ഇറക്കുമതി ഉണ്ടാകുന്നത്. ഓണത്തോടനുബന്ധിച്ച് വഴിയരികിൽ വിൽക്കുന്ന പായസങ്ങളുടെ ഗുണമേന്മയും പരിശോധിക്കും.
ഓണത്തോടനുബന്ധിച്ച് താത്ക്കാലിക സ്റ്റാളുകൾ നടത്താൻ ഉദ്ദേശിക്കുന്നവർ ഭക്ഷ്യ സുരക്ഷാ രജിസ്‌ട്രേഷൻ / ലൈസൻസ് എടുക്കണം.
'പാൽ, പായസം കിറ്റ് തുടങ്ങി ഓണം സീസണുമായി ബന്ധപ്പെട്ട എല്ലാ ഭക്ഷ്യ ഉത്പന്നങ്ങളുടെയും പരിശോധന ശക്തമാക്കാനാണ് സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചത്. ഓണത്തോടനുബന്ധിച്ച് തുടങ്ങുന്ന സ്റ്റാളുകളുടെ ലൈസൻസും രജിസ്ട്രേഷനും പരിശോധിക്കും'. കെ.കെ .അനിലൻ, അസി.കമ്മിഷണർ ഫുഡ് സേഫ്ടി കോഴിക്കോട്