beach
ബീച്ചിലെ സംഘർഷം

കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ ഞായറാഴ്ച നടന്ന സംഗീത പരിപാടിക്കിടയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റുചെയ്തു. മാത്തോട്ടം സ്വദേശി ഷുഹൈബ് ആണ് അറസ്റ്റിലായത്. പൊലീസിനെ ആക്രമിച്ച സംഭവത്തിലാണ് ഷുഹൈബ് അറസ്റ്റിലായത്. പൊലീസിനുനേരെ അതിക്രമം, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തി കണ്ടാലറിയാവുന്ന 50 പേർക്കെതിരെ നേരത്തെതന്നെ കേസ് കേസെടുത്തിരുന്നു.

ഇതിനിടെ പരിപാടിയുടെ സംഘാടകർക്കെതിരെയും വെള്ളയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ബീച്ചിൽ ഗാനമേള നടത്താൻ പൊലീസോ കോഴിക്കോട് കോർപ്പറേഷനോ അനുമതി നൽകിയിട്ടില്ല. ബീച്ചിൽ കാർണിവെൽ നടത്താൻ മാത്രമാണ് അനുമതി നൽകിയത്. ജെ.ഡി.ടി ഇസ്ലാം കോളേജ് ഒഫ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ആഭിമുഖ്യത്തിൽ കിടപ്പുരോഗികൾക്ക് ആധുനിക മെഡിക്കൽ സൗകര്യങ്ങളോടു കൂടിയ കാരവൻ വാങ്ങുന്നതിനുള്ള ഫണ്ട് സ്വരൂപിക്കാനാണ് പരിപാടി സംഘടിപ്പിച്ചത്. എന്നാൽ ഗാനമേളയിൽ പ്രതീക്ഷിച്ചതിലധികം ആളുകൾ എത്തുകയും ടിക്കറ്റെടുത്തവർക്ക് ഗാനമേള കാണാൻ അവസരം ലഭിക്കാതിരിക്കുകയും ചെയ്തപ്പോഴാണ് പ്രശ്നമുണ്ടായത്. തിരക്ക് നിയന്ത്രിക്കാനാവാതെ ബാരിക്കേഡ് മറിഞ്ഞ് 30 ഓളം പേർക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരിൽ ആറു പൊലീസുകാരും ഉൾപ്പെട്ടിരുന്നു.