വടകര: കൊവിഡിൽ കൂപ്പുകുത്തിയ ചെറുകിട വ്യവസായ സംരഭങ്ങൾ കര കയറാനാകാതെ ഉലയുന്നു.
വ്യവസായ സംരംഭത്തിനായി സർക്കാർ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും അനുവദിക്കപ്പെട്ട ലോൺ മുഖേനയാണ് ചെറുകിട വ്യവസായ സംരഭങ്ങളിൽ പലതും ആരംഭിച്ചിരുന്നത്. എന്നാൽ കൊവിഡിൽ കനത്ത നഷ്ടം സംഭവിച്ചതോടെ പല സംരംഭങ്ങളും കൂപ്പു കുത്തി. ഉൽപന്നങ്ങൾക്കു വിപണി കണ്ടെത്താനാവാത്തതിനാൽ വരുമാനം നിക്കുകയും വായ്പ തിരിച്ചടവ് മുടങ്ങുകയും ചെയ്തു. തൊഴിലാളികളുടെ വേതനമുൾപ്പെടെയുള്ള ചെലവുകൾ തുടരുകയും ചെയ്യുന്നു. കൊവിഡ് കാലത്തു മുടങ്ങിയ വായ്പ തിരിച്ചടവിനുള്ള പണം ഇനി എങ്ങനെ സ്വരൂപിക്കുമെന്നാണ് ഓരോ ചെറുകിട സംരംഭകരെയും ആശങ്കയിലാഴ്ത്തുന്നത്. വന്ന നഷ്ടം നികത്താതെ വീണ്ടും വായ്പ എടുത്തിട്ട് എന്തു ചെയ്യാനാണെന്നാണ് ഇവർ ചോദിക്കുന്നത്.
അതേ സമയം വൻകിട വ്യവസായങ്ങൾ മാത്രമാണ് ഇപ്പോഴും പിടിച്ചു നിൽക്കുന്നത്. സംരംഭകരായിട്ടുള്ളവർ പലർക്കും സർക്കാർ അനുവദിക്കുമായിരുന്ന സബ്സിഡി തുടങ്ങിയ ആനുകൂല്യങ്ങൾ കൈപ്പറ്റാൻ വേണ്ടുന്ന വ്യവസ്ഥകൾ പാലിക്കാൻ പോലും കഴിഞ്ഞിരുന്നില്ല. ഇതിന് കൂനിമേൽ കുരുപോലെ എത്തിയ പ്രളയവും കൊവിഡും തടസമാവുകയായിരുന്നു.
പ്രളയഭീഷണിയിൽ തടന്നടിഞ്ഞ വടകര ബ്ലോക്കിന് കീഴിലെ അഴിയൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വിവിധങ്ങളായ ഒട്ടേറെ സ്ഥാപനങ്ങളാണ് പ്രവർത്തിച്ചിരുന്നത്. എസ്റ്റേറ്റിലെ അസംസ്കൃത വസ്തുക്കളടക്കം വെള്ളത്തിൽ മുങ്ങിയതോടെ സംരഭകരായവർക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിച്ചത്. ഇതിന്റെ കണക്കെടുപ്പ് പൂർത്തീകരിക്കും മുമ്പേ കൊവിഡ് ഭീഷണിയും എത്തി. ഇതോടെ പ്രളയത്തിലെ നഷ്ടക്കണക്കും കൊവിഡ് ഭീഷണിയിൽ മുങ്ങിപ്പോവുകയും ചെയ്തു. മാത്രമല്ല 2019ലെ പ്രതിഭാസത്തിലാണ് ഇവിടെ വെള്ളം കയറിയത്. അതു കൊണ്ടു തന്നെ 2018ൽ സംഭവിച്ച സർക്കാരിന്റെ പ്രളയദുരിതാശ്വാസത്തിൽ ഇവ ഉൾപ്പെട്ടതുമില്ല. ഇവിടെ പേപ്പർ ബാഗ് , പ്ലാസ്റ്റിക്ബോട്ടിൽ, പേപ്പർ പൈപ്പ്, ബെയ്ക്കറി പലഹാരങ്ങൾ, പി.വി.സി പൈപ്പ് ,ആയുർവേദ മരുന്ന് ഉത്‌പന്നങ്ങൾ, ഫ്ലവർ മിൽ എന്നിവയിൽ മിക്കതും പെടാപാടുപെട്ടാണ് ഇപ്പോൾ പിടിച്ചു നില്ക്കുന്നത്.സംരംഭകർക്കായി ഒരു സമഗ്ര പാക്കേജ് പ്രഖ്യാപിക്കുകയാണു സർക്കാർ അടിയന്തിരമായി ചെയ്യേണ്ടതെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.
അഴിയൂർ വ്യവസായ എസ്റ്റേറ്റിൽ വെള്ളം കയറി നഷ്ടം ഉണ്ടായത് 2019 ലാണ്. 2018 പ്രളയത്തിന്റെ ഭാഗമായിരുന്നു സർക്കാർ ദുരിതാശ്വാസം പ്രഖ്യാപിച്ചിരുന്നത്. കൊവിഡ് സമാശ്വാസമായി ഒരു വർഷത്തെബാങ്ക് പലിശയുടെ അൻപത് ശതമാനം ഇളവു നല്കുകയാണ് ചെയ്യുക. കൂടാതെ ഉപയോഗിക്കാതെയും മറ്റും മിഷ്യനറി തകരാറായെങ്കിൽ പുതിയത് വാങ്ങുമ്പോൾ സബ്സിഡി ലഭിക്കുകുകയാണ് ചെയ്യാറ്. അല്ലാതെ മറ്റ് ആശ്വാസ നിധിയൊന്നും ലഭ്യമല്ല- വിശ്വൻ ,അഴിയൂർ ഇൻഡസ്ട്രീയൽ ഓഫീസർ