കോഴിക്കോട്: കോടഞ്ചേരി വെഞ്ചേരി എസ്റ്റേറ്റിലെ നോളജ് സിറ്റിയുടെ സ്ഥലത്ത് സർക്കാർ അനുവദിച്ച പട്ടയങ്ങൾ റദ്ദ് ചെയ്തുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കണമെന്ന് മുമ്പ് ഭൂമിയുടെ ഉടമസ്ഥരായിരുന്ന പലകുന്നത്ത് കൊളായി കുടുംബാംഗങ്ങൾ ആവശ്യപ്പെട്ടു. കാന്തപുരം എ.പി അബൂബക്കർ മുസ്ല്യാരുടെ മകൻ അബ്ദുൽ ഹക്കീം ഡയറക്ടറായുള്ള കമ്പനികൾക്ക് അന്യായമായി രണ്ട് പട്ടയങ്ങൾ അനുവദിച്ചതിനെതിരെ നൽകിയ അന്യായത്തിനു മേൽ ആഗസ്റ്റ് 5 നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. പട്ടയം അനുവദിച്ച ഉദ്യോഗസ്ഥരെ അങ്ങേയറ്റം കടുത്ത രീതിയിൽ കോടതി വിമർശിച്ചിട്ടും ഉത്തരവ് സർക്കാർ നടപ്പിലാക്കുന്നില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ പലകുന്നത്ത് കൊളായി കുടുംബംഗങ്ങളായ കെ ബാബു,കെ വിശ്വനാഥ കുറുപ്പ്, കെ രാധാകൃഷ്ണൻ, കെ രാജേന്ദ്രൻ എന്നിവരും പങ്കെടുത്തു.