human

കോഴിക്കോട്: താമസ സ്ഥലം നഞ്ചയാണെന്ന് തെറ്റായി രേഖപ്പെടുത്തി ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തിയ പുതിയറ കൃഷി ഓഫീസറോട് മനുഷ്യാവകാശ കമ്മിഷൻ വിശദീകരണം തേടി. കോട്ടൂളി സ്വദേശി കെ.ശ്രീനിവാസൻ സമർപ്പിച്ച പരാതിയിലാണ് നടപടി. 31ന് രാവിലെ 10.30ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കുന്ന സിറ്റിംഗിൽ വിശദീകരണം നൽകാനാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥിന്റെ നിർദ്ദേശം. 1996ൽ തരം മാറ്റിയ ഭൂമിയിലാണ് 1998ൽ പരാതിക്കാരൻ വീടുവച്ചത്. തരം മാറ്റിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ടവർക്ക് അയച്ചുകൊടുക്കുകയും ചെയ്തിരുന്നു. ഭൂരേഖ കമ്പ്യൂട്ടർവത്കരിച്ച സമയത്ത് തരം മാറ്റൽ ശ്രദ്ധിക്കാതെ ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തുകയായിരുന്നു. ഡാറ്റാ ബാങ്കിൽ ഉൾപ്പെടുത്തും മുമ്പ് യാതൊരു പരിശോധനയും നടത്തിയില്ലെന്നും പരാതിയിൽ പറയുന്നു.