മേപ്പയൂർ: പ്രാദേശിക കാലാവസ്ഥ അറിയാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇനി മേപ്പയ്യൂരിലും. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ സ്ഥാപിച്ച കേന്ദ്രം ഉദ്ഘാടനത്തിനൊരുങ്ങി.
ജോഗ്രഫി പഠനം കൂടുതൽ രസകരവും എളുപ്പവുമാക്കാൻ ജോഗ്രഫി വിഷയമുള്ള ഹയർസെക്കൻഡറി സ്‌കൂളുകളിലാണ് നിരീക്ഷണ കേന്ദ്രം തയ്യാറാകുന്നത്. രാജ്യത്ത് ആദ്യമായാണ് സ്‌കൂളുകളിൽ കാലാവസ്ഥാ സ്റ്റേഷനുകൾ വരുന്നത്. ജില്ലകളിലെ ഓരോ ബി.ആർ.സിക്ക് കീഴിലും ഓരോ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുകയാണ് ലക്ഷ്യം. മഴയുടെ അളവ്, കാറ്റിന്റെ വേഗത, അന്തരീക്ഷ മർദ്ദം എന്നിവ നിരീക്ഷിച്ച് ചാർട്ടിൽ രേഖപ്പെടുത്തുക, തെർമോമീറ്റർ, വൈറ്റ് ഡ്രൈ ബൾബ് തെർമോമീറ്റർ, വെഥർ പോർ കാസ്റ്റർ, മഴ മാപിനി, വിൻഡ് വേവ്, വെഥർ ഡാറ്റാ ബുക്ക്, ഡാറ്റാ ഡിസ്‌പ്ലേ ബോർഡ് തുടങ്ങി 13 ഉപകരണങ്ങളാണ് ഓരോ സ്റ്റേഷനിലും സജ്ജീകരിക്കുന്നത്. പ്രാദേശികമായ കാലാവസ്ഥാ മാറ്റം നിർണയിച്ച് ജനങ്ങളിലെത്തിക്കാനും പ്രകൃതി ദുരന്തം ഒഴിവാക്കാൻ രക്ഷാപ്രവർത്തന മുന്നൊരുക്കങ്ങൾ ഫലപ്രദമായി ആസൂത്രണം ചെയ്യാനും കേന്ദ്രങ്ങൾ ഉപകരിക്കും.
കേന്ദ്രത്തിന്റെ പ്രതിദിന പ്രവർത്തനങ്ങൾക്ക് കുട്ടികൾ നേതൃത്വം നൽകി നിരീക്ഷണം രേഖപ്പെടുത്തും. ഇതിനായി അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിശീലനം നൽകും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സജ്ജീകരിക്കുന്നതിനായി സമഗ്ര ശിക്ഷ കേരളയിലൂടെ അനുവദിച്ച 52,000 രൂപ ഉപയോഗിച്ചാണ് മേപ്പയ്യൂർ ഹയർ സെക്കൻഡറി സ്‌കൂളിൽ നിരീക്ഷണ കേന്ദ്രം സ്ഥാപിച്ചത്.
മേപ്പയ്യൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ, മേലടി ബി.പി.സി.വി.അനുരാജ്, ബി.ആർ.സി ട്രെയിനർ പി.അനീഷ്, പ്രിൻസിപ്പൽ ഷമീം, പ്രധാനാദ്ധ്യാപകർ എച്ച്.എം.നിഷിദ്, അദ്ധ്യാപകരായ അനുഷ, സുഭാഷ്, സുധീഷ് എന്നിവർ കേന്ദ്രത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്തി.